സിദ്ദീഖിന്റെ മരണം നാടിന് നൊമ്പരമായി
text_fieldsചൂനാട് നടന്ന ഊട്ടുപുര വാർഷികത്തിലെ പാട്ടുമികവിന് പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദിൽനിന്ന് സിദ്ദീഖ്
ഉപഹാരം ഏറ്റുവാങ്ങുന്നു
കായംകുളം: മരണം അടുത്തെത്തിയത് അറിയാതെ സദസ്സിനെ പാടിരസിപ്പിച്ച സിദ്ദീഖിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ ഇലിപ്പക്കുളം. ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ചടങ്ങിനിടെയുള്ള സിദ്ദീഖിന്റെ മരണമാണ് നാടിന് തീരാനൊമ്പരമായത്. ഏറെനേരം കാത്തിരുന്നെങ്കിലും ഭാര്യ റഹീലക്ക് പ്രിയതമന്റെ അവസാനത്തെ പാട്ട് കേൾക്കാനുമായില്ല.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടന്ന സർഗോത്സവ ചടങ്ങിനിടയായിരുന്നു സങ്കടകരമായ സംഭവം. ഊട്ടുപുര കലവറയിൽ രുചിയുടെ വിസ്മയം തീർത്തിരുന്ന സിദ്ദീഖ് (54) വാർഷിക വേദിയിൽ പാടണമെന്ന ആഗ്രഹം സഫലമാക്കിയാണ് എന്നേക്കുമായി മടങ്ങിയത്.
8.30ഓടെ പാടാനായി വിളിച്ചെങ്കിലും വേദി സജ്ജമാകാതിരുന്നതിനാൽ നടന്നില്ല. ഇതോടെയാണ് ഭാര്യ റഹീല മകൾ ആസിയയുമായി വീട്ടിലേക്ക് മടങ്ങിയത്. 15 മിനിറ്റിനുശേഷം അവസരം ലഭിച്ചപ്പോൾ സുഹൃത്ത് രാജേഷ് അമ്മാസിന്റെ കൈപിടിച്ചാണ് വേദിയിലേക്ക് കയറിയത്. ചമ്പക്കുളം തച്ചനിലെ 'ഒളിക്കുന്നുവോ... മിഴിക്കുമ്പിളിൽ... എന്ന ഗാനം കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്.
പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദിൽനിന്ന് ചിരിച്ച മുഖത്തോടെ ആദരവ് ഏറ്റുവാങ്ങുമ്പോഴും സദസ്സിൽനിന്നുയർന്ന കൈയടി നിലച്ചിരുന്നില്ല. സന്തോഷത്തോടെ സദസ്സിലേക്ക് ഇറങ്ങുന്നതിടെ സിദ്ദീഖ് അഭിനന്ദിക്കാനായി കൈനീട്ടിയ കോഫി സ്റ്റാളിലെ സഹപ്രവർത്തകരായ മീനു സജീവിന്റെയും കാർത്തികയുടെയും കൈകളിലേക്ക് വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു വർഷം മുമ്പാണ് കുടുംബവുമൊത്ത് സിദ്ദീഖ് ഇലിപ്പക്കുളത്ത് എത്തുന്നത്. കോവിഡ് കാലത്ത് ഊട്ടുപുര തുറന്ന് സൗജന്യ ഭക്ഷണ വിതരണ സംവിധാനത്തിൽ പാചകക്കാരനായി. പിന്നീട് സേവന പ്രവർത്തനങ്ങൾക്ക് വരുമാനം ലക്ഷ്യമാക്കി ചൂനാട് കോഫി കഫേ തുറന്നപ്പോൾ മുഖ്യപാചകക്കാരനുമായി. ഹൃദ്യമായ പെരുമാറ്റത്തിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ നാട്ടുകാരുടെ മനസ്സിൽ ഇടംപിടിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

