പൊലീസുകാരനെ എസ്.െഎ തല്ലി; സ്റ്റേഷനിൽ വാക്കേറ്റവും പൊലീസുകാരുടെ പ്രതിഷേധവും
text_fieldsകായംകുളം: ഒാണക്കാല ഡ്യൂട്ടി നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചക്കിടെ പൊലീസുകാരനെ മർദിച്ച എസ്.െഎയുടെ നടപടി വിവാദമായി. വാക്കേറ്റവും പ്രതിഷേധവും കാരണം ഒരു മണിക്കൂറോളം സ്റ്റേഷൻ പ്രവർത്തനം സ്തംഭിച്ചതോടെ വിഷയത്തിൽ ജില്ല പൊലീസ് മേധാവി ഇടെപട്ടതായി സൂചന.
കായംകുളം സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചക്ക് 1.30ഒാടെയായിരുന്നു സംഭവം. അഡീഷനൽ എസ്.െഎ ശാമുവലിനെതിരെയാണ് സിവിൽ പൊലീസ് ഒാഫിസർ പ്രസാദ് പരാതിയുമായി രംഗത്ത് എത്തിയത്. ഒാണാഘോഷം പരിഗണിച്ച് മൂന്ന് ടേണായി ഡ്യൂട്ടി നിശ്ചയിക്കണമെന്ന തരത്തിലുള്ള പൊലീസുകാരുടെ ചർച്ചയിൽ എസ്.െഎ അനാവശ്യമായി ഇടപെട്ടതാണ് പ്രശ്നമായത്. അസോസിയേഷൻ പ്രതിനിധി കൂടിയായ പ്രസാദിെൻറ സാന്നിധ്യത്തിലെ ചർച്ച ചോദ്യം ചെയ്തതോടെ വാക്കേറ്റമായി.
രണ്ട് ടേൺ മതിയെന്നായിരുന്നു എസ്.െഎയുടെ ആവശ്യം. സംസാരം രൂക്ഷമാകുന്നതിനിടെ അപ്രതീക്ഷിതമായി പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ശക്തമായ തള്ളലിൽ താഴെ വീണതോടെ പ്രതിഷേധവുമായി പൊലീസുകാരും നിലയുറപ്പിച്ചു. ചിലരുടെ അവസരോചിത ഇടപെടലിൽ സംഘർഷം ഒഴിവാകുകയായിരുന്നു.
ഉദരരോഗത്തിന് ചികിത്സയിലുള്ള പ്രസാദിനെ മർദിച്ചത് പൊലീസുകാർക്കിടയിൽ പ്രതിഷേധത്തിനു കാരണമായി. ഇതോടെ എസ്.െഎക്കെതിരെ പ്രസാദ് സി.െഎ മുഹമ്മദ് ഷാഫിക്ക് പരാതി നൽകി. സംഭവം അറിഞ്ഞ് ജില്ല പൊലീസ് മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിവൈ.എസ്.പി അലക്സ് ബേബിയും അന്വേഷണം തുടങ്ങി.