റെയിൽവേ മേൽപാലം നവീകരണം ഇഴയുന്നു; കെ.പി റോഡിൽ യാത്രാദുരിതം
text_fieldsകായംകുളം: കെ.പി റോഡിലെ റെയിൽവേ മേൽപാലം നവീകരണം മന്ദഗതിയിലായത് ഗതാഗത ദുരിതം വർധിപ്പിക്കുന്നതിനൊപ്പം വ്യാപാര മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച നിർമാണത്തിന്റെ 25 ശതമാനംപോലും പൂർത്തീകരിക്കാനായിട്ടില്ല.
ട്രെയിനിന്റെ വേഗം വർധിപ്പിക്കാനാണ് മേൽപാലം നവീകരണത്തിന് തുടക്കമിട്ടത്. ഇതിനായി കെ.പി റോഡിലെ മേൽപാലത്തിന്റെ അടിഭാഗം മൂന്നടിയോളം കുഴിച്ച് കോൺക്രീറ്റ് ചെയ്യുന്ന പണിയാണ് നടക്കുന്നത്. ഇതിന് ശേഷമേ ഇരുവശത്തുമുള്ള ഭിത്തികൾ കോൺക്രീറ്റ് ചെയ്യാനാകൂ. ഇതിനായി ഈ മാസം നാല് മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ബസുകളും ചരക്കുലോറികളും അടക്കം രണ്ടാം കുറ്റിയിൽനിന്ന് തിരിഞ്ഞ് മുക്കട എത്തിയാണ് ദേശീയപാത വഴി കായംകുളത്തേക്ക് പ്രവേശിക്കുന്നത്. ഇതുകാരണം 15 മുതൽ 30 മിനിറ്റുവരെ താമസമാണ് നേരിടുന്നത്. കൃഷ്ണപുരത്ത് ലെവൽക്രോസ് അടഞ്ഞാൽ പിന്നെയും വൈകും. രണ്ടാംകുറ്റി-കായംകുളം റൂട്ടിൽ ബസ് ഗതാഗതം നിലച്ചതോടെ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള ഇടങ്ങളിലേക്ക് ഓട്ടോയാണ് ശരണം. ഈ ഭാഗത്തെ കച്ചവടത്തെയും സാരമായി ബാധിച്ചു.
ഇടറോഡുകളിലേക്ക് വാഹനങ്ങൾ തിരിഞ്ഞതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരം നേരിടുന്നത്. ഇത് നഗരത്തിലേക്കുള്ള ചരക്ക് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മിക്ക റോഡുകളും ശോച്യാവസ്ഥയിലായതും പ്രശ്നമാണ്.
മേൽപാലം നവീകരണ വിഷയത്തിലും റോഡുകൾ പുനരുദ്ധരിക്കുന്നതിലും ജനപ്രതിനികളുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിച്ചതായ ആക്ഷേപവും ശക്തമാണ്. എം.പി, എം.എൽ.എ, നഗരസഭ എന്നിവർ വേണ്ടത്ര മുൻകരുതൽ എടുക്കാതിരുന്നതാണ് നഗരം ഗതാഗതക്കുരുക്ക് അഭിമുഖീകരിക്കാൻ കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. മേൽപാലം നിർമാണത്തോടെ കെ.പി റോഡിന്റെ വീതി ഇല്ലാതാകുന്നത് സുഗമമായ ഗതാഗതത്തെ ബാധിക്കും. നഗരസഭ റോഡുകളുടെ നിർമാണം സുതാര്യമായി നടപ്പാക്കുന്നതിലും വീഴ്ചവരുത്തുന്നു. ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ ബിനാമികളാണ് കരാറുകാരിൽ ഭൂരിഭാഗവും ഇതാണ് നിർമാണത്തെ ബാധിക്കുന്നത്.
റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും മേൽപാലത്തിന്റെ നവീകരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. രണ്ട് വിഷയത്തിലും അടിയന്തര പരിഹാര നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി. സോമരാജൻ, എം. ജോസഫ്, വി.കെ. മധു, അബു ജനത, ഇ.എസ്.കെ. പൂക്കുഞ്ഞ്, സജു മറിയം, ശശി പൗർണമി, എ. ഷാജി, എൻ. നവാസ് തുടങ്ങിയവർ സംസാരിച്ചു.