പിതാവ് കൊല്ലപ്പെട്ട സംഭവം മകന്റെ ക്രൂരതയിൽ നടുങ്ങി പുല്ലുകുളങ്ങര
text_fieldsപ്രതി നവജിത്ത്
കായംകുളം: അഭിഭാഷകനായ മകന്റെ അക്രമണത്തിൽ പിതാവ് കൊല്ലപ്പെടുകയും മാതാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കം മാറാതെ പുല്ലുകുളങ്ങര. കണ്ടല്ലൂർ പുല്ലുകുളങ്ങര കളരിക്കൽ ജങ്ഷന് സമീപം പീടികച്ചിറയിൽ നടരാജനാണ് (63) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഭാര്യ സിന്ധു (50) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇവരുടെ മകൻ നവജിത്തിനെ (30) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നവജിത്ത് ലഹരി ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. സാമ്പത്തികകാര്യങ്ങളിലും മറ്റും കണിശത പുലർത്തുന്ന നടരാജന്റെ സമീപനം പലപ്പോഴും തർക്കങ്ങൾക്കിടയാക്കിയിരുന്നതായി പറയുന്നു. ഇരുവരും തമ്മിൽ ഞായറാഴ്ചയും തർക്കമുണ്ടായത്രെ. ഞായറാഴ്ച രാവിലെ എറണാകുളത്ത് പരീക്ഷക്കായി ഇറങ്ങിയ ഇയാൾ ആലപ്പുഴയിലെ സഹോദരിയുടെ സ്ഥാപനത്തിലെത്തി പ്രശ്നങ്ങളുണ്ടാക്കിയതായി പറയുന്നു. ഇവർ നിർബന്ധിച്ചാണ് വീട്ടിലേക്ക് തിരികെ അയച്ചത്. വീട്ടിലെത്തിയ ശേഷം തർക്കത്തെത്തുടർന്ന് നവജിത്തിനെ മുറിയിൽ അടച്ചിട്ടു. ഭക്ഷണം നൽകാനായി വാതിൽ തുറന്നപ്പോഴാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബഹളം കേട്ട് ഓടിക്കൂടിയവർ വെട്ടുകത്തിയുമായി രക്തത്തിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെ കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് നടരാജനെയും സിന്ധുവിനെയും ആശുപത്രിയിൽ എത്തിച്ചത്. നടരാജന്റെ മുടത്താണ് വെട്ടിയത്. 47 ഓളം വെട്ടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.സാഹസികമായാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. തിരുവല്ലയിലെ ആശുപത്രിയിൽ കഴിയുന്ന സിന്ധു അപകട നില തരണം ചെയ്തു.ഏറെക്കാലം പ്രവാസിയായിരുന്ന നടരാജൻ നാട്ടിലെത്തി സർക്കാർ കരാറുകാരനായി ജോലി ചെയ്യുകയായിരുന്നു. പഠന കാലം മുതലെ മകന്റെ ജീവിതം വഴി തെറ്റിയിരുന്നു. ഇതെചൊല്ലിയാണ് ഇരുവരും തമ്മിൽ ആദ്യം പിണങ്ങുന്നത്. വിവാഹിതനായ ശേഷവും കാര്യങ്ങൾ നേരായാകാത്തതിലുള്ള ദേഷ്യം പ്രകടിപ്പിച്ചിരുന്നു. ഇതാണ് പിതാവിനോടുള്ള പകക്ക് കാരണമായതത്രെ.
പോസ്റ്റ് മോർട്ടത്തിന് ശേഷം നടരാജന്റെ മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. എം.എ,എൽഎൽ.ബി ബിരുദധാരിയായ നവജിത്തിന്റെ അറസ്റ്റ് നടപടികൾ പൂർത്തിയായി. മറ്റ് മക്കളായ നിധിമോൾ, നിധിൻ രാജ് എന്നിവർ ആയുർവേദ ഡോക്ടർമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

