ജനകീയ പ്രതിഷേധം: കായംകുളത്ത് അടിപ്പാത നിർമാണം നിർത്തി
text_fieldsദേശീയപാതയിലെ അടിപ്പാത നിർമാണത്തിനെതിരെ കായംകുളം കെ.എസ്.ആർ.ടി.സി
സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധം
കായംകുളം: ഉയരപ്പാത ആവശ്യത്തിന് സമരം നടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം അടിപ്പാത നിർമിക്കാനുള്ള നീക്കം സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. കോളജ് ജങ്ഷൻ മുതൽ ചിറക്കടവം വരെ തൂണുകളിൽ ഉയരപ്പാത ആവശ്യവുമായി പ്രദേശത്ത് സമരം ശക്തമാണ്. കൂടാതെ കേന്ദ്രമന്ത്രി തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഇടപെടലുകളും നടന്നുവരുകയാണ്.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജിയും നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനമാകുന്നതുവരെ അടിപ്പാത നിർമാണം ഉണ്ടാകില്ലെന്ന് ദേശീയപാത അതോറിറ്റി സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചുള്ള നിർമാണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നിലവിൽ നഗരത്തെ രണ്ടായി തിരിക്കുന്ന തരത്തിലാണ് ദേശീയപാത വികസനം രൂപകൽപന ചെയ്തിരിക്കുന്നത്. തീരദേശ നഗരത്തിലെ പരിസ്ഥിതി ഘടനപോലും വിലയിരുത്താതെയുള്ള തീരുമാനം തുടക്കം മുതൽ പ്രതിഷേധത്തിന് കാരണമായിരുന്നു.
പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് നഗരവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തരത്തിലെ നിർമാണം ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അടിപ്പാത നിർമാണത്തിന് എതിരെയുള്ള സമരത്തിൽ സമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു.
കൺവീനർ ദിനേശ് ചന്ദന, നഗരസഭ കൗൺസിലർമാരായ കെ. പുഷ്പദാസ്, എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, ഭാരവാഹികളായ ടി.പി. അനിൽകുമാർ, ഹരിഹരൻ, റാഫി എന്നിവർ സംസാരിച്ചു. അജീർ യൂനുസ്, സജീർ കുന്നുകണ്ടം, ചന്ദ്രമോഹൻ, സിയാദ് മണ്ണാമുറി, മുജീബ് റഹ്മാൻ, സത്താർ, സമീർ കോയിക്കലേത്ത്, അനസ് ഇല്ലിക്കുളം, അരിത ബാബു, സജുമറിയം, എസ്. മുഹ്യിദ്ദീൻഷാ, കുഞ്ഞുമോൻ, സജീവ്, അഷറഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

