കായംകുളം നഗരസഭയിൽ കള്ളൻ: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകായംകുളം: കാവൽക്കാരനുള്ള നഗരസഭയിൽ കള്ളൻ കയറിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നഗരസഭ ഓഫിസിൽ എത്തിയ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സെക്രട്ടറിയുടെയും എൻജിനീയറുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ സംഭവം രാഷ്ട്രീയ വിവാദങ്ങളിലേക്കും വഴി മാറുകയാണ്. മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമെന്ന ആരോപണവുമായി ഇടത് മുന്നണി രംഗത്ത് വന്നതോടെയാണ് രാഷ്ട്രീയമാനം കൈവരിച്ചിരിക്കുന്നത്. നഗരസഭയിലെ സി.സി.ടി.വി പ്രവർത്തനരഹിതമാക്കിയ ശേഷം എക്സി. എൻജിനീയറുടെയും ചെയർമാന്റെ മുറികളിൽ അതിക്രമിച്ച് കയറി ഫയൽ വാരിവലിച്ചിട്ടതാണ് പരാതിക്കിടയാക്കിയത്.
അഴിമതി ആരോപണ മുനയിലുള്ള ചില പദ്ധതികളുടെ ഫയലുകൾ തേടിയാണ് പരിശോധന നടന്നതെന്നാണ് സംശയിക്കുന്നത്. എൻജിനീയറുടെ മുറിയിൽ അനുവാദമില്ലാതെ പ്രവേശിക്കരുതെന്ന് രാത്രി കാവൽക്കാരന് നിർദേശം നൽകിയിരുന്നതാണ്. കാവൽക്കാരൻ അറിയാതെ ഇവിടേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് നഗരസഭയുമായി അടുത്ത ബന്ധമുള്ളവരാണ് അതിക്രമിച്ച് കയറിയതെന്ന് സംശയിക്കുന്നത്.
സമഗ്രാന്വേഷണം വേണം -എൽ.ഡി.എഫ്
നഗരസഭയിൽ ചെയർമാന്റെയും എൻജിനീയറുടെയും മുറിയിൽ അഞ്ജാതർ കയറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എൽ.ഡി.എഫ് പാർലമെന്റി പാർട്ടി ആവശ്യപ്പെട്ടു. യു.ഡി.എഫ് സംഭവത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ദുരൂഹത സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് വിശദീകരണം തേടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതിട്ടില്ല. മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു.
പദ്ധതി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ ശുചിത്വമിഷനുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിന് പകരം എൽ.ഡി.എഫ് ഭരണ കാലത്തെ പദ്ധതിയെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ഗൂഢനീക്കം നടത്തുകയാണ്. പ്ലാന്റുമായി ബന്ധപ്പെട്ട ഫയൽ കഴിഞ്ഞ മൂന്നിന് ബന്ധപ്പെട്ട സെക്ഷനിൽ നിന്നും ചെയർമാൻ ഏറ്റുവാങ്ങിയതിന് രേഖയുള്ളതാണ്. ഏഴിന് എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർ മാലിന്യ സംസ്കരണ പ്ലാന്റിന്റെ തുടർ പ്രക്രിയയുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് യോഗം വിളിച്ചപ്പോൾ ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
ഈ സാഹചര്യത്തിൽ 12ന് ചെയർമാന്റെയും എൻജിനീയറുടെയും മുറിയിൽ അജ്ഞാതർ ഫയൽ പരിശോധനക്കായി കയറിയെന്നത് സംശയാസ്പദമാണ്. യഥാർത്ഥ വസ്തുത എന്താണെന്ന് അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും പാർലമെന്ററി പാർട്ടി നേതാക്കളായ എസ്. കേശുനാഥ്, എ. നസീർ , മിനിസലിം, എ. അബ്ദുൽ ജലീൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.
നടപടി വേണം -കെ.പി.സി.സി ജനറൽ സെക്രട്ടറി
നഗരസഭയിൽ അതിക്രമിച്ച് കയറി ഫയലുകൾ മോഷ്ടിക്കാൻ നടത്തിയ സംഭവത്തിൽ ഭരണ നേതൃത്വം കർശന നടപടികളുമായി മുന്നോട്ട് പോകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. സമീർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഇടത് ഭരണത്തിലെ അഴിമതികൾ കണ്ടെത്താതിരിക്കാനാണ് ഫയലുകൾ കടത്താൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

