വനമുത്തശ്ശി ദേവകിയമ്മക്ക് പത്മശ്രീ; കണ്ടല്ലൂർ ആഹ്ലാദ നിറവിൽ
text_fieldsപത്മശ്രീ പുരസ്കാരം ലഭിച്ച ദേവകിയമ്മ മക്കൾക്കും
കൊച്ചുമക്കൾക്കും ഒപ്പം
കായംകുളം: കായലോര ഗ്രാമമായ കണ്ടല്ലൂരിൽ തപോവനം സൃഷ്ടിച്ച ദേവകിയമ്മയെ തേടി രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ എത്തിയതിൽ നാട് ആഹ്ലാദത്തിൽ. കണ്ടല്ലൂർ കൊല്ലക തപോവനം വീട്ടുവളപ്പ് വനമായി മാറിയിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന അന്തരീക്ഷം നിറഞ്ഞ വീട്ടുവളപ്പിൽ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, അപൂർവ മരങ്ങൾ എന്നിവയുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് ദേവകിയമ്മയെ തേടി രാജ്യത്തെ നാലാമത്തെ പരമോന്നത പുരസ്കാരം എത്തുന്നത്.
ഞായറാഴ്ച രാവിലെ അനൗദ്യോഗികമായി വീട്ടുകാർ വിവരം അറിഞ്ഞെങ്കിലും ഉച്ചയോടെ മാധ്യമങ്ങളിലൂടെയാണ് സ്ഥിരീകരണമാകുന്നത്. തുടർന്ന് അയൽവാസികളും ബന്ധുക്കളും നാട്ടുകാരും ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. മകൾ പ്രഫ. ഡി. തങ്കമണിയും കൊച്ചുമകൾ ശരണ്യയും ചേർന്ന് വന്നവരെ സ്വീകരിച്ചു. ദേവകിയമ്മയുടെ ഒപ്പം താമസിക്കുന്ന മകൻ നന്ദകുമാറും മരുമകൾ ജയയും ഗുരുവായൂരിലിരുന്നാണ് വാർത്ത അറിയുന്നത്. ഇരുവരും ബന്ധുവിന്റെ വിവാഹച്ചടങ്ങിന് പോയതായിരുന്നു.
മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എസ്. താഹ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുനിൽകുമാർ, ബി.ജെ.പി ജില്ല പ്രസിഡന്റ് സന്ദീപ് വചസ്പതി, സെക്രട്ടറി കൃഷ്ണകുമാർ രാംദാസ്, സംസ്ഥാന കമ്മിറ്റി അംഗം പാലമുറ്റത്ത് വിജയകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, പഞ്ചായത്ത് അംഗം രാഹുൽ കവിരാജ് തുടങ്ങിയവർ വസതിയിലെത്തി ദേവകിയമ്മയെ ആദരിച്ചു. കെ.സി. വേണുഗോപാൽ എം.പി, യു. പ്രതിഭ എം.എൽ.എ, രമേശ് ചെന്നിത്തല എം.എൽ.എ തുടങ്ങിയവർ ഫോണിലൂടെ ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

