വാടകക്ക് വാഹനം എടുത്ത് മറിച്ചുവിൽക്കുന്ന സംഭവം; ഒരാൾ പിടിയിൽ
text_fieldsകായംകുളം: വാടകക്ക് വാഹനം എടുത്ത് ഉടമയറിയാതെ വ്യാജ രേഖകളുണ്ടാക്കി മറിച്ചുവിൽക്കുന്ന പ്രതി പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ചേരാവള്ളി കളീയ്ക്കല്‍ പുത്തന്‍ വീട്ടില്‍ അബ്ദുൽ റഷീദാണ് (38) അറസ്റ്റിലായത്.
ഒന്നാം പ്രതിയായ കായംകുളം എം.എസ്.എം. സ്‌കൂളിന് സമീപം പട്ടൻറയ്യത്ത് വീട്ടില്‍ മുഹമ്മദ് സഫിയാന്‍ ഒളിവിലാണ്. കീരിക്കാട് കണ്ണമ്പളളിഭാഗം വേലിയയ്യത്ത് വീട്ടില്‍ ഇല്ല്യാസ് കുഞ്ഞിന്‍റെ പരാതിയിലാണ് നാടപടി. ഇദ്ദേഹത്തിന്‍റെ ടൊയോട്ടാ ക്വാളിസ് വാടകക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുളള വ്യക്തിക്ക് 1,35,000 രൂപക്ക് പണയം വെക്കുകയായിരുന്നു.
വളളികുന്നത്ത് നിന്നും ആപേ വാഹനം വാടകക്ക് എടുത്ത് പുത്തന്‍തെരുവില്‍ പണയം വെച്ച് പണം തട്ടിയതും, കായംകുളം ഹോബി തീയറ്ററിന് വടക്ക് വശത്ത് നിന്നും രണ്ട് എയ്‌സ് വാഹനങ്ങള്‍ പണയത്തിനെടുത്ത് പത്തനാപുരത്തും, കരുനാഗപ്പളളിയിലുമായി പണയം വെച്ചതുമുള്‍പ്പെടെ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെയുണ്ട്. ഉടമകൾ അറിയാതെ വ്യാജ വില്‍പന കരാറുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
സമാന രീതിയില്‍ കുറ്റകൃത്യം നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടത്തി വരികയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ സി.ഐ മുഹമ്മദ് ഷാഫി അറിയിച്ചു. എസ്.ഐ. ആനന്ദ് കൃഷ്ണന്‍, എസ്.ഐ നിയാസ്, എ.എസ്.ഐ നവീന്‍കുമാര്‍, സി.പി.ഒ അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

