ജാമ്യത്തിലിറങ്ങി മൂന്നാംനാൾ 16 കിലോ കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
text_fieldsഅനീഷ്
കായംകുളം: ജാമ്യത്തിലിറങ്ങിയ മൂന്നാം നാൾ കുപ്രസിദ്ധ കുറ്റവാളി 16 കിലോ കഞ്ചാവുമായി പിടിയിൽ. ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ല അതിർത്തിയായ ഓച്ചിറ പ്രയാർ ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് ആലുംപീടിക മരുകിഴാത്ത് അനീഷ് (26) പിടിയിലായത്.
ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. തൂഫാൻ ആരംഭിച്ച ശേഷം ജില്ലയിൽ ഇത്രയും മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമാണ്. കൃഷ്ണപുരം ജങ്ഷനിൽ കഴിഞ്ഞ മാസം കുടുംബത്തെ ആക്രമിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിട്ട് മൂന്ന് ദിവസമേ ആയുള്ളു. നേരത്തെ റെയിൽവേ ട്രാക്കിലുടെ ബൈക്ക് ഓടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.
ഓണക്കാല വിപണി ലക്ഷ്യമാക്കിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കെതിരെ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളാണ് ജില്ലയിലുടനീളം നടന്നുവരുന്നത്.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡി.വൈ.എസ്.പി ബിനുകുമാറൻറന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർ അരുൺഷാ, എസ്.ഐ വീനിൽ കുമാർ, എ.എസ്.ഐമാരായ ലിമു മാത്യു, അനിൽ, ഷിബു ശ്രീകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

