കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു
text_fieldsകായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കുന്നു
കായംകുളം: രാജ്യത്ത് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്പോർട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പുതിയ കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. ബസുകൾ ഇപ്പോൾ വൃത്തിയോടെയാണ് സർവീസ് നടത്തുന്നത്. എല്ലാ ഡിപ്പോകളിലും ബസുകൾ വൃത്തിയായി സൂക്ഷിക്കാൻ കരാർ നൽകിയിട്ടുണ്ട്. അത്യാധുനിക ബസുകൾ വാങ്ങി. ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസുകൾ ഉടൻ നിരത്തിലിറങ്ങും. കെ.എസ്.ആർ.ടി.സി ബസുകളിൽ കുടിവെള്ളം ലഭ്യമാക്കും. കെ.എസ്.ആർ.ടിസിയുടെ പെട്രോൾ പമ്പ് കായംകുളത്ത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടറർ പി.എം. ഷറഫ് മുഹമ്മദ്, ജില്ല പഞ്ചായത്തംഗം ഡി അംബുജാക്ഷി, നഗരസഭ കൗൺസിലർമാരായ എസ്. കേശുനാഥ്, ഗംഗാദേവി തുടങ്ങിയവർ സംസാരിച്ചു.
ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങൾ
കായംകുളം: പത്തു കോടി രൂപ വിനിയോഗിച്ച് ആധുനിക സംവിധാനങ്ങളോട് കൂടി 19,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ബസ് ടെർമിനൽ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ആദ്യ ബസ് ഡിപ്പോകളിൽ ഒന്നാണ് കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ. ആറര ദശാബ്ദത്തിലേറെ പഴക്കമുള്ള കെട്ടിടമായിരുന്നു നിലവിലുണ്ടായിരുന്നത്. വിശാലമായ ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങൾ, ജീവനക്കാർക്കായി പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മെഡിക്കൽ റൂം, കൊറിയർ ആൻഡ് ലോജിസ്റ്ററ്റിക്സ് റൂം, വ്യാപാര കേന്ദ്രങ്ങൾ, ലിഫ്റ്റ് സൗകര്യങ്ങൾ, യാത്രക്കാർക്ക് ശീതീകരിച്ച ഡോർമെട്രികൾ, ക്ലോക്ക് റൂം, ശൗചാലയങ്ങൾ എന്നിവയടക്കം ശുചിത്വവും പരിസ്ഥിതി സൗഹാർദവുമായ ബസ് ടെർമിനലാണ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

