മാമ്പ്രക്കന്നേൽ മേൽപാലം വൈകുന്നു
text_fieldsകായംകുളം : ജനങ്ങളുടെ ദീർഘകാല ആവശ്യമായ കൃഷ്ണപുരം -ചൂനാട് റോഡിലെ മാമ്പ്രക്കന്നേൽ റെയിൽവേ മേൽപാലം സാങ്കേതിക കുരുക്കിൽപ്പെട്ട് വൈകുന്നു. ഇതിനായി സ്ഥലം ഏറ്റെടുത്ത് കൈമാറിയിട്ട് ഒമ്പത് മാസമായിട്ടും കിഫ്ബിയുടെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. 505.8 മീറ്റർ നീളമുള്ള മേൽപ്പാലത്തിനും 110.5 മീറ്റർ നീളമുള്ള പുതിയ റോഡിനുമായി 31.21 കോടി രൂപയാണ് വകയിരുത്തിയത്. 2017-18 ബജറ്റിലാണ് കിഫ്ബിയിലൂടെ പദ്ധതി നടപ്പിലാക്കാൻ അനുമതിയായത്. ഇതിനായി സമീപത്തെ 203 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടി വന്നത്. കിഫ്ബി സ്പെഷൽ തഹസീൽദാരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്തത്. തുടർന്ന് നിർമ്മാണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറുകയും ചെയ്തു.
37 സ്ഥലം ഉടമകളിൽ നിന്നാണ് വില നൽകി ഭൂമി ഏറ്റെടുത്തത്. കൃത്യമായ രേഖകൾ ഹാജരാക്കാത്ത ഏഴ് പേർക്ക് പണം നൽകാനുമുണ്ട്. രേഖ നൽകുന്ന മുറക്ക് തുക കൈമാറാനായി പ്രത്യേക അക്കൗണ്ടിലാണ് ഇത് നിക്ഷേപിച്ചിരിക്കുന്നത്. ഇതിനിടെ വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി എന്നിവക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുന്നത് സാങ്കേതിക പ്രശ്നങ്ങൾക്കും കാരണമായി.
ഇതോടെ എസ്റ്റിമേറ്റിൽ ഭേദഗതി ആവശ്യമായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ രംഗത്ത് വന്നു. ഇതിൽ കൂടുതൽ വിശദീകരണം വേണ്ടി വന്നതും മറുപടിക്കുള്ള താമസവും നിർമാണത്തെ ബാധിക്കുന്ന പ്രധാന തടസ്സമായി. അടുത്ത കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ വിഷയം പരിഗണിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

