തദ്ദേശ തെരഞ്ഞെടുപ്പ്; കായംകുളത്ത് അടിയൊഴുക്കുകളുടെ ആശങ്ക
text_fieldsകായംകുളം: നഗര ഭരണം നിലനിർത്താനും തിരികെ പിടിക്കാനുമായി കളം നിറഞ്ഞ മുന്നണികൾ കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ അടിയൊഴുക്കുകളുടെ ആശങ്കയിൽ. വിജയ പ്രതീക്ഷകളുടെ അവകാശ വാദങ്ങൾ പ്രഖ്യാപിക്കുമ്പോഴും പാർട്ടിയിലും മുന്നണിയിലും സംഭവിച്ച വാരലുകൾ ജയപരാജയങ്ങളെ ബാധിക്കുമെന്നു നേതാക്കൾ സമ്മതിക്കുന്നു.
വടക്കൻ മേഖല സി.പി.ഐക്ക് തീറെഴുതിയതിന്റെ അസംതൃപ്തിയാണ് ഇടതുമുന്നണിക്ക് ബാധ്യതയായത്. അടുത്തടുത്ത വാർഡുകൾ സി.പി.ഐക്കായതോടെ താരപ്രഭയുള്ള വാർഡുകളിലേക്ക് സി.പി.എം പ്രവർത്തകർ ഉൾവലിഞ്ഞതായാണ് ആക്ഷേപം. സി.പി.എമ്മിനുള്ളിലെ അസ്വാരസ്യവും വടക്കൻ മേഖലയിൽ പ്രകടമായി. കൂടുതൽ വിവരങ്ങൾ ഫലപ്രഖ്യാപനത്തിന് ശേഷം പറയാമെന്ന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
സി.പി.ഐ മത്സരിച്ച എട്ടാം വാർഡിൽ വിമതനായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനൊപ്പം പാർട്ടി പ്രവർത്തകർ പോയതാണ് പ്രധാന ചർച്ച. യു.ഡി.എഫിൽ ഘടകകക്ഷികൾക്ക് നൽകിയ വാർഡുകളിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്ന പരിഭവമാണ് നിഴലിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ അവർക്ക് താൽപ്പര്യമുള്ള നേതാക്കളുടെ വാർഡുകളിൽ കേന്ദ്രീകരിച്ചു. ലീഗ് മത്സരിച്ച സീറ്റുകളിലും ഇത് പ്രകടമായതായാണു പരാതി.
സി.എം.പിക്ക് നൽകിയ വാർഡിൽ വിമതനായി നിന്ന കോൺഗ്രസ് നേതാവിനെ പിന്മാറ്റുന്നതിൽ ആത്മാർത്ഥ ഇടപെടലുണ്ടായില്ലെന്നാണ് ആക്ഷേപം. ഇതിനിടെ ഇഷ്ടമില്ലാത്തവരെ അടപടലം ‘വാരിയെന്ന’ ആക്ഷേപവും പല വാർഡിലും ഉയർന്നു. ചെയർമാൻ സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബിദു രാഘവന് സുരക്ഷിത സീറ്റ് നൽകാതിരുന്ന നടപടിയും കോൺഗ്രസിൽ വിമർശത്തിനിടയാക്കുന്നു. സി.പി.എമ്മിന് വ്യക്തമായ മേധാവിത്വമുള്ള മേഖലയിലാണ് ബിദു മൽസരിച്ചത്. ഇവിടെ കോൺഗ്രസ് നേതാവായ മുൻ കൗൺസിലർ ഷാനവാസ് വിമതനായി മത്സരിച്ചത് ബിദുവിന്റെ സാധ്യതകളെ ബാധിച്ചതായി പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിയിൽ പൊട്ടിത്തെറിക്കാണ് സാധ്യത. പല വാർഡിലും സ്വതന്ത്രരും വിമതരും നടത്തിയ മുന്നേറ്റം ജയ പരാജയങ്ങളെ ബാധിക്കുന്നതും വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചക്ക് വഴിതെളിക്കും.
എൻ.ഡി.എ മുന്നണിയിലും അസ്വാരസ്യം പുകയുന്നുണ്ട്. ബി.ഡി.ജെ.എസിന് അർഹമായ പരിഗണന നൽകാതിരുന്നത് പല വാർഡിലും ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്നാണ് ആക്ഷേപം. മത്സരിക്കുന്നതിൽ ബി.ഡി.ജെ.എസ് താൽപര്യം കാട്ടാതിരുന്നതിലെ രാഷ്ട്രീയവും ഫലപ്രഖ്യാപനത്തിന് ശേഷമേ വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

