കായംകുളം വള്ളംകളി ആരവത്തിലേക്ക്
text_fieldsകായംകുളം: സംഘശക്തിയുടെ കരുത്ത് വിളിച്ചോതുന്ന വള്ളംകളിയുടെ ആരവത്തിൽ കായംകുളം കായൽ. 18ന് നടക്കുന്ന ജലമാമാങ്കത്തിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. കർഷകനും കർഷക തൊഴിലാളിയും ഒന്നിച്ച് വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ തുഴയെറിയുന്നതിന്റെ ആവേശം ഉൾക്കൊള്ളാൻ ആയിരങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
വേഗപ്പോരിന്റെ ആവേശക്കാഴ്ചകളൊരുക്കുന്ന ചാമ്പ്യന്സ് ബോട്ട് ലീഗിൽ നെഹ്റുട്രോഫി ജലോത്സവത്തിൽ ആദ്യസ്ഥാനങ്ങളിൽ എത്തിയ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ, കൈനകരി യു.ബി.സിയുടെ നടുഭാഗം, പൊലീസ് ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടിൽ തെക്കതിൽ, കുമരകം എൻ.സി.ഡി.സിയുടെ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ചമ്പക്കുളം, പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാൽ, കുമരകം കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സിയുടെ പായിപ്പാട്, നിരണം ബോട്ട് ക്ലബിന്റെ സെന്റ് പയസ്, വേമ്പനാട് ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് അണിനിരക്കുന്നത്. 17ന് ഉച്ചക്ക് രണ്ടിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവുമായാണ് വള്ളംകളിയുടെ അരങ്ങ് ഉണരുന്നത്.
വൈകീട്ട് നാലിന് കെ.പി.എ.സി ജങ്ഷനിൽനിന്ന് സാംസ്കാരിക ഘോഷയാത്ര തുടങ്ങും. 6.30ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും.
കവി മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തും. രാത്രി 7.30 മുതൽ സൂപ്പർ മെഗാ ഷോ അരങ്ങേറും. 18ന് ഉച്ചക്ക് രണ്ടിന് വള്ളംകളി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കലക്ടർ ജോൺ വി. സാമുവൽ പതാക ഉയർത്തും. അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. അഡ്വ. എ.എം. ആരിഫ് എം.പി സമ്മാനദാനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

