Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകായംകുളം താലൂക്ക്;...

കായംകുളം താലൂക്ക്; സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളക്കുന്നു

text_fields
bookmark_border
കായംകുളം താലൂക്ക്; സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളക്കുന്നു
cancel
camera_alt

മന്ത്രി അഡ്വ. എം. ലിജു

കായംകുളം: കായംകുളം കേന്ദ്രീകരിച്ച് താലൂക്ക് വേണമെന്ന അര നൂറ്റാണ്ട് പഴക്കമുള്ള ജനകീയ ആവശ്യത്തിന് വീണ്ടും ചിറക് മുളക്കുന്നു. പുതിയ ജില്ലകളും താലൂക്കുകളും പഠിക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ് സർക്കാരിന്റെ നിർദേശമാണ് കായംകുളം താലൂക്ക് വീണ്ടും ചർച്ചയാക്കാൻ ഇടയാക്കിയത്. ജനങ്ങളുടെ ചിരകാല സ്വപ്നമായ താലൂക്ക് രൂപീകരണം ഉറപ്പായും സാക്ഷാത്കരിക്കുമെന്നാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി അഡ്വ. എം. ലിജു ഉറപ്പു നൽകുന്നത്. സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും.

താലൂക്ക് ആവശ്യകത പുതിയ കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കും. 1970 മുതലുള്ള താലൂക്ക് ആവശ്യമാണ് രാഷ്ട്രീയ സാങ്കേതിക കാരണങ്ങളാൽ അട്ടിമറിക്കപ്പെട്ടത്. നഗരസഭയും ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ, വള്ളികുന്നം, ഭരണിക്കാവ് തുടങ്ങിയ പഞ്ചായത്തുകളും കൂട്ടിച്ചേർത്ത് താലൂക്ക് സ്ഥാപിക്കണമെന്നതായിരുന്നു നിർദേശം.1979 ൽ താലൂക്ക് പ്രഖ്യാപനം വന്നെങ്കിലും മന്ത്രിസഭ രാജിവെച്ചത് തടസ്സമായി.

1987ൽ തിരൂരങ്ങാടിക്ക് ഒപ്പം മന്ത്രിസഭ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ നടന്നില്ല. 1993 ൽ വിഷയം സബ്മിഷനായി സഭയിൽ വന്നപ്പോൾ അർഹമായ പരിഗണന ഉണ്ടാകുമെന്നായിരുന്നു മറുപടി. പുതിയ താലൂക്കുകൾ സംബന്ധിച്ച് പഠിക്കാനായി നിശ്ചയിച്ച സക്കറിയാ മാത്യു കമ്മീഷൻ, 1991ലെ ഡോ. ബാബുപോൾ. കമ്മീഷൻ, 1995ലെ എം.ജി.കെ. മൂർത്തി കമ്മീഷൻ തുടങ്ങിയവയെല്ലാം കായംകുളത്തിന് അനുകൂലമായി റിപ്പോർട്ട് എഴുതിയിരുന്നു.

34 താലൂക്കുകൾ കൂടി സ്ഥാപിക്കണമെന്ന ബാബുപോൾ കമ്മീഷൻ ശിപാർശയിൽ ആദ്യഘട്ടമായി നടപ്പാക്കേണ്ട 14ൽ കായംകുളവും ഉൾപ്പെട്ടു. 1996 ഏപ്രിലിൽ ജി. സുധാകരെൻറ ചോദ്യത്തിനും അനുകൂല മറുപടിയാണ് അന്നത്തെ റവന്യു മന്ത്രി നൽകിയത്. പിന്നീട് മൂർത്തി കമ്മീഷന്‍റെ ശിപാർശയിൽ കായംകുളം അടക്കമുള്ള താലൂക്കുകൾ 2001ൽ മന്ത്രി കെ.ഇ. ഇസ്മായിൽ നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.

പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ 24 താലൂക്കുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ വിഭജിക്കുന്ന താലൂക്കുകളുടെ പട്ടികയിൽ കാർത്തികപ്പള്ളി ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് പ്രഖ്യാപിച്ച പുതിയ 12 താലൂക്കുകളിലും ഇടംകിട്ടിയില്ല. പിന്നീട് ഇടതുമുന്നണിയുടെ വാഗ്ദാനത്തിൽ ഇടംപിടിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടികാട്ടിയുള്ള തടസ്സങ്ങളാൽ അട്ടിമറിയുകയായിരുന്നു. പത്തുവർഷം മുമ്പ് ഇടതുമുന്നണി താലൂക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഭരണത്തിൽ വന്നപ്പോൾ പിന്നോട്ട് പോവുകയായിരുന്നു.

ഇത്തവണ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടിയത് കായംകുളം താലൂക്ക് യാഥാർത്ഥ്യമാക്കും എന്നതായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ പുതിയ താലൂക്കുകൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം കായംകുളത്തിനും പ്രതീക്ഷ നൽകുന്നതായി. മന്ത്രി എന്ന നിലയിൽ എം. ലിജുവിന്റെ ഇടപെടലും താലൂക്ക് യാഥാർത്ഥ്യമാക്കുന്ന പ്രതീക്ഷ ഉറപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentadministrativeAlappuzhagovernment commissionsKerala
News Summary - Kayamkulam Taluk; Dreams are taking wings again
Next Story