കായംകുളത്ത് മദ്യശാല: പ്രതിഷേധം ശക്തമാകുന്നു
text_fieldsമദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കായംകുളം
വെയർഹൗസിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം
കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്യുന്നു
കായംകുളം: സസ്യമാർക്കറ്റിലെ വെയർ ഹൗസിൽ മദ്യശാല സ്ഥാപിക്കാൻ വീണ്ടും നീക്കം തുടങ്ങിയതോടെ പ്രതിഷേധം ശക്തമാകുന്നു. കുന്നത്താലുംമൂട്ടിൽ പ്രവർത്തിക്കുന്ന ഔട്ട്ലറ്റ് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ഇവിടേക്ക് മാറ്റാനാണ് നീക്കം. 200 മീറ്റർ പരിധിയിൽ ആരാധനാലയങ്ങളും സ്കൂളുകളും പ്രവർത്തിക്കുന്നില്ലെന്ന സാങ്കേതിക ന്യായം ഉയർത്തിയാണ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നത്. തിരക്കേറിയ ജനവാസ മേഖലയിൽ മദ്യശാല വരുന്നത് ഗുരുതര സാമൂഹിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.
കായംകുളം ജുമാമസ്ജിദ്, പുത്തൻതെരുവ് ജുമാമസ്ജിദ്, ആർ.സി ചർച്ച്, എം.എസ്.എം സ്കൂൾ, ശ്രീ വിഠോബ സ്കൂൾ, മദ്റസകൾ എന്നിവ കുറഞ്ഞ ദൂരപരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മത്സ്യ-മാംസ മാർക്കറ്റുകളും പച്ചക്കറി മൊത്ത വിപണന മാർക്കറ്റുകളും പ്രവർത്തിക്കുന്ന ഇവിടെ രാപ്പകൽ വ്യത്യാസമില്ലാതെ കടുത്ത തിരക്കാണുള്ളത്. ഗതാഗതത്തിരക്ക് നിലനിൽക്കുന്ന സ്ഥലത്ത് മദ്യപരുടെ വാഹനങ്ങൾ കൂടി എത്തുന്നത് ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾക്കും വഴിതെളിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ലോഡ് കയറ്റിയ വാഹനങ്ങളിൽനിന്നുള്ള ചരക്ക് കയറ്റിറക്കവുമായി ബന്ധപ്പെട്ട തിരക്കും തർക്കങ്ങളും ഇവിടെ പതിവാണ്.
മദ്യശാല സ്ഥാപിക്കുന്നതിന് എതിരെ കായംകുളംവെയർഹൗസിന് മുന്നിൽ എസ്.ഡി.പി.ഐ നടത്തിയ ധർണ
ഈ സാഹചര്യത്തിൽ ബിവറേജ് ഔട്ട്ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിനെ അവഗണിച്ചാണ് പുതിയ നീക്കം.മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ധർണ നടത്തി. പ്രസിഡന്റ് ഷാജഹാൻ കൊപ്പാറ അധ്യക്ഷത വഹിച്ചു. സിയാദ് മണ്ണാമുറി, സവാദ്, ഇ.കെ. നവാസ്, കൊച്ചുമോൻ, ഹക്കീം, താജുദ്ദീൻ, നൗഷാദ്, ഷാൻ എന്നിവർ സംസാരിച്ചു.
ആരാധനാലയങ്ങളും സ്കൂളുകളും മാർക്കറ്റും സ്ഥിതിചെയ്യുന്ന ജനവാസമേഖലയായ മേടമുക്കിലെ വെയർഹൗസ് കെട്ടിടത്തിൽ മദ്യശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ആവശ്യപ്പെട്ടു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മദ്യശാല സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ. ഇർഷാദ് പറഞ്ഞു.
വെയർഹൗസ് കെട്ടിടത്തിൽ മദ്യശാല ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.പട്ടണത്തിലെ ഏറ്റവും തിരക്കേറിയ കമ്പോളത്തിന് നടുവിൽ മദ്യശാല വരുന്നത് ക്രമസമാധാനത്തിന് തടസ്സമാകുമെന്ന് ചെയർമാൻ എ. ഇർഷാദും കൺവീനർ എ.എം. കബീറും പറഞ്ഞു.മദ്യശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വെയർഹൗസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷൈജു മുക്കിൽ അധ്യക്ഷത വഹിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, സി.എ. സാദിഖ്, യു.ഡി.എഫ് കൺവീനർ എ.എം. കബീർ, പി.സി. റെഞ്ചി, എം.ആർ. സലിം ഷാ, കെ. തങ്ങൾ കുഞ്ഞ്, അൻസാരി കോയിക്കലേത്ത്, ഷീജ റഷീദ്, രാജേന്ദ്രക്കുറുപ്പ്, അസിം നാസർ, ഹാഷിർ പുത്തൻകണ്ടം, എൻ.കെ. മുജീബ്, നൗഫൽ ചെമ്പകപ്പള്ളി, സൂര്യ മുഹമ്മദ്, എം. നൗഫൽ, എ. സലീം, എ. താഹ, ഇസ്മയിൽ കടേശ്ശേരി, ജബ്ബാർ താനത്ത്, മറിയം സഞ്ജു, ഷൗക്കത്ത്, വള്ളിയിൽ റസാഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

