കായംകുളം ഗവ. ആശുപത്രിയിലെ ഫണ്ട് തിരിമറി; നടപടിക്ക് സാധ്യത
text_fieldsകായംകുളം: ഗവ. ആശുപത്രിയിൽ മാനേജ്മെന്റ് ഫണ്ട് വിനിയോഗത്തിൽ തിരിമറി നടത്തിയ ജീവനക്കാർക്കെതിരെ നടപടിക്ക് സാധ്യത. 3.5 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവം പിടിക്കപ്പെട്ടതോടെ തുക തിരിച്ചടച്ചെങ്കിലും ചുമതലയിലുണ്ടായിരുന്ന ജീവനക്കാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. പൂർണ ചുമതലയുള്ള സൂപ്രണ്ട് ഇല്ലാതിരുന്ന ജനുവരി മുതൽ മാർച്ചുവരെ കാലയളവിലാണ് തിരിമറി നടന്നതത്രേ. പ്രത്യേക അക്കൗണ്ടിലാണ് മാനേജ്മെന്റ് കമ്മിറ്റിക്ക് ലഭിക്കുന്ന വരുമാനം നിക്ഷേപിച്ചിരുന്നു.
ഒ.പി ടിക്കറ്റ്, സ്കാനിങ്, എക്സ്റേ, ലാബ് എന്നിവയിൽനിന്നുള്ള വരുമാനമാണ് മാനേജിങ് കമ്മിറ്റിക്ക് ലഭിക്കുന്നത്. നഗരസഭ ചെയർപേഴ്സന്റയും സൂപ്രണ്ടിെൻറയും പേരിലുള്ള അക്കൗണ്ടിലാണ് തുക സൂക്ഷിക്കുന്നത്. 49,000 രൂപയാണ് ഒരു ദിവസം പരമാവധി നിക്ഷേപിക്കാവുന്ന തുക. ബാക്കി വരുന്നവ ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ സൂക്ഷിക്കണമെന്നാണ് നിയമം. ഇതിൽ ക്രമക്കേട് നടത്തിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ തുക യഥാസമയം ബാങ്കിൽ അടക്കാതെയാണ് തിരിമറി നടത്തിയത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണവും നടപടിയും ഉണ്ടാകുമെന്നാണ് അറിയുന്നത്.