കണ്ടല്ലൂർ സഹകരണ ബാങ്ക്; അനുനയ നീക്കവുമായി സി.പി.എം ഏരിയ നേതൃത്വം
text_fieldsകായംകുളം: കണ്ടല്ലൂർ സർവിസ് സഹകരണ ബാങ്ക് അച്ചടക്ക നടപടി വിഷയത്തിൽ പ്രതിഷേധക്കാരെ തണുപ്പിക്കാൻ അനുനയ നീക്കവുമായി സി.പി.എം ഏരിയ കമ്മിറ്റി.
മുതിർന്ന നേതാക്കളുടെ ഉപസമിതിയെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. സഹകരണ മേഖലയിൽ പ്രവർത്തന പരിചയമുള്ള ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗം പി. ഗാനകുമാർ, മുതിർന്ന നേതാവ് പ്രഫ. എം.ആർ. രാജശേഖരൻ എന്നിവരടങ്ങിയതാണ് ഉപസമിതി. അതേസമയം, വിഷയത്തിൽ ഏരിയ സെന്റർ അംഗം കൂടിയായ ബാങ്ക് പ്രസിഡന്റിനെതിരെ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നതായി അറിയുന്നു. ഫ്രാക്ഷൻ കമ്മിറ്റിയെ അറിയിക്കാതെയുള്ള ജീവനക്കാരുടെ അച്ചടക്ക നടപടിയാണ് വിമർശനത്തിന് കാരണമായത്. ഫ്രാക്ഷൻ കൺവീനറായ മുതിർന്ന നേതാവ് എം. രാമചന്ദ്രൻ പ്രതിഷേധം ഉയർത്തി ചുമതല ഒഴിഞ്ഞതും തിരിച്ചടിയായി.
ജില്ല കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന എ. മഹേന്ദ്രൻ കമീഷൻ റിപ്പോർട്ട് വരുന്നത് വരെ തുടർ നീക്കങ്ങൾ പാടില്ലെന്ന സന്ദേശം ഇരുകൂട്ടർക്കും നൽകാനും കമ്മിറ്റി തീരുമാനിച്ചതായി സൂചനയുണ്ട്.
ഏരിയ സെക്രട്ടറി, ജില്ല സെക്രേട്ടറിയറ്റ് അംഗം, ഫ്രാക്ഷൻ കമ്മിറ്റി കൺവീനർ തുടങ്ങിയ മുതിർന്ന നേതാക്കളെ അറിയിക്കാതെ അച്ചടക്ക നടപടി സ്വീകരിച്ചതും വിമർശനത്തിന് കാരണമായി. പാർട്ടി അംഗങ്ങൾക്കെതിരായ നടപടി ഫ്രാക്ഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന കീഴ്വഴക്കം ലംഘിച്ചത് വരുംദിവസങ്ങളിലും കൂടുതൽ ചർച്ചക്ക് കാരണമായേക്കും. എന്നാൽ, ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേട് തുക ഭരണ സമിതിക്ക് താങ്ങാൻ ശേഷിയില്ലാത്തതിനാലാണ് അഭിഭാഷക കമീഷന്റെ ശിപാർശയിൽ നടപടി സ്വീകരിച്ചതെന്നാണ് ബാങ്ക് പ്രസിഡന്റ് കൂടിയായ അഡ്വ. സുനിൽകുമാർ മറുപടി നൽകിയത്.
പണയത്തിലിരുന്ന 250 ഓളം സ്വർണ പണയ ഉരുപ്പടികൾ ഉടമകളറിയാതെ വിറ്റഴിച്ചതിലൂടെ അര കോടിയോളം രൂപ ബാങ്കിന് നഷ്ടം സംഭവിച്ചതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. അന്നത്തെ സെക്രട്ടറിയും ഭരണ സമിതിയും നഷ്ടം വന്ന തുക തിരികെ അടക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ജീവനക്കാരിൽനിന്ന് തുക ഈടാക്കാനായിരുന്നു ഭരണസമിതിയുടെ തീരുമാനം.
ഇതിന് തയാറാകാതിരുന്ന അഞ്ച് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തുക അടച്ച് മൂന്നുപേർ നടപടികളിൽനിന്ന് ഒഴിവായിരുന്നു.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ഉൾെപ്പടെയുള്ളവർക്കെതിരായ നടപടി പുതിയവിള ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജിക്കാണ് വഴി തെളിച്ചത്. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും നാല് ബ്രാഞ്ച് സെക്രട്ടറിമാരും അമ്പതോളം പാർട്ടി അംഗങ്ങളും രാജി നൽകിയത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കൂടുതൽ രാജിയുണ്ടാകുമെന്ന സൂചനയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി കൂടിയ ഏരിയ കമ്മിറ്റി പരിഹാര നീക്കങ്ങൾക്ക് തുടക്കമിട്ടത്.
നഷ്ടം വന്ന തുക ജീവനക്കാരിൽനിന്ന് ഈടാക്കി പ്രശ്നം പരിഹരിക്കണമെന്ന താൽപര്യമാണ് ഏരിയ നേതൃത്വത്തിനുള്ളത്.
എന്നാൽ, തട്ടിപ്പുമായി ഒരു നിലക്കും ബന്ധമില്ലാത്ത തങ്ങൾ തുക അടക്കുന്ന പ്രശ്നമില്ലെന്നാണ് നടപടിക്ക് വിധേയരായവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

