ജ്വല്ലറി മോഷണം; ഒരാൾ കൂടി പിടിയിൽ
text_fieldsജുവലറി മോഷണ കേസിലെ പ്രതി വേലനു മായി പൊലിസ് സംഭവ സ്ഥലത്ത് തെളിവെടുക്കുന്നു
കായംകുളം: താലൂക്കാശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. തമിഴ്നാട് വിഴപ്പുറം വളവന്നൂർ വേലനാണ് (43) പിടിയിലായത്. നേരത്തെ മുഖ്യപ്രതിയായ തമിഴ്നാട് കടലൂർ കാടമ്പുലിയൂർ കാറ്റാണ്ടിക്കുപ്പം മാരിയമ്മൻകോവിൽ മിഡിൽ സ്ട്രീറ്റിൽ കണ്ണൻ കരുണാകരൻ (46), സഹായി കായംകുളം കൊറ്റുകുളങ്ങര മാവനാട് കിഴക്കതിൽ ആടുകിളി നൗഷാദ് (53) എന്നിവർ പിടിയിലായിരുന്നു.
കഴിഞ്ഞ 11 നാണ് ജ്വല്ലറി കുത്തി തുറന്ന് കവർച്ച നടത്തിയതായി കണ്ടെത്തിയത്. ഭിത്തി തുരന്ന് കയറിയ സംഘം ഇരുമ്പ് ലോക്കർ തുറന്ന് എട്ട് ലക്ഷത്തോളം രൂപ വില വരുന്ന 10 കിലോയോളം വെള്ളിയാഭരണങ്ങളും ഒരു പവൻ സ്വർണാഭരണവും 40,000 രൂപയുമാണ് കവർന്നത്. പ്രധാന ലോക്കർ തകർക്കാൻ കഴിയാതിരുന്നതിനാൽ സ്വർണ ശേഖരം നഷ്ടമായിരുന്നില്ല. കവർച്ചയുടെ തെളിവുകൾ നശിപ്പിക്കാനായി സി.സി.ടിവിയുടെ ഹാർഡ് ഡിസ്കുമായാണ് കടന്നത്. എന്നാൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ശാസ്ത്രീയമായ നിലയിൽ നടത്തിയ നീക്കങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. നിരവധി മോഷണക്കേസുകളിലും കൊലപാതക കേസിലും പ്രതിയായ കണ്ണൻ തിരുവനന്തപുരം സെൻട്രൽ ജയിലിലെ ശിക്ഷാ കാലയളവിലാണ് നൗഷാദുമായി പരിചയത്തിലാകുന്നത്. തുടർന്ന് പരോളിലിറങ്ങിയ ശേഷം മോഷണത്തിന് എത്തുകയായിരുന്നു.
ജ്വല്ലറിയോട് ചേർന്നുള്ള ആര്യ വൈദ്യശാലയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനെ എത്തി പരിസരം നിരീക്ഷണം നടത്തിയാണ് മോഷണത്തിന് കളമൊരുക്കിയത്. വൈദ്യശാലയിലെ ഭിത്തി തുരന്നാണ് ജ്വല്ലറിക്കുള്ളിൽ കയറിയത്. തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ് അടക്കം വിവിധ പൊലിസ് സ്റ്റേഷനുകളിലായി കണ്ണന് എതിരെ കേസ് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

