സൗഹൃദ സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി അസി. അമീർ ബിഷപ്പ് ഹൗസിലെത്തി
text_fieldsമാവേലിക്കര ബിഷപ്പ് ഹൗസിൽ രൂപത അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തുന്നു
കായംകുളം: സൗഹൃദ സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി അസി. അമീറിന്റെ ബിഷപ്പ് ഹൗസ് സന്ദർശനം. ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ് റഹ്മാനാണ് മാവേലിക്കര രൂപത ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ സന്ദർശിച്ചത്. സൗഹൃദങ്ങൾ നഷ്ടമാകുന്ന പുതിയ കാലത്ത് ബന്ധങ്ങൾ നിലനിർത്തുന്നതിെൻറ പ്രസക്തിയായിരുന്നു ഇരുവരുടെയും ചർച്ചാവിഷയം.
'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന സന്ദേശത്തിൽ നടക്കുന്ന കാമ്പെയിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ആശയങ്ങളുടെ പരസ്പര കൈമാറ്റത്തിലൂടെ ഊർജസ്വലമായ സംവാദങ്ങൾ സാധ്യമാകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻറ് ഹക്കീം പാണാവള്ളി, സമിതി അംഗങ്ങളായ ഡോ. ഒ. ബഷീർ, വൈ. ഇർഷാദ്, യു. ഷൈജു, ഏരിയ ഭാരവാഹികളായ എ. നാസർ, ഒ. അബ്ദുല്ലാക്കുട്ടി എന്നിവരാണ് സൗഹൃദ സംഘത്തിലുണ്ടായിരുന്നത്.

