ഓഡിറ്റ് റിപ്പോർട്ടിലൂടെ അഴിമതി വെളിച്ചത്തിലേക്ക്; നഗര പദ്ധതികളിൽ വൻ ക്രമക്കേട്
text_fieldsകായംകുളം: കെടുകാര്യസ്ഥതയും അഴിമതിയും നഗരത്തിന് വരുത്തിയ കോടികളുടെ ക്രമക്കേട് വെളിച്ചം കണ്ടതോടെ കായംകുളം നഗരസഭ മുൻ ഭരണസമിതി വെട്ടിൽ. കഴിഞ്ഞ ഇടത് ഭരണകാലത്ത് ഗുരുതര ക്രമക്കേടുകളും അഴിമതികളും വ്യാപകമായിരുന്നെന്ന് ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ പദ്ധതികളിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.
സ്കൂളുകളിലും ആശുപത്രിയിലും നടപ്പാക്കിയ പദ്ധതികളിലടക്കമുള്ള ഭരണ വീഴ്ചകളാണ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. അന്നത്തെ ചെയർപേഴ്സൺ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി വികസന ഫണ്ട് ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ നിർദ്ദേശം പാലിക്കാതെ ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിൽ നിയമനങ്ങൾ നടത്തിയതിലെ അപകാതകളും ചൂണ്ടികാണിക്കുന്നു. ലൈബ്രറി സെസ് യഥാസമയം അടക്കാതിരുന്നതിലൂടെ ഒരു കോടിയോളം രൂപയുടെ ബാധ്യത തുടങ്ങി നിരവധി വീഴ്ചകളും ക്രമക്കേടുകളാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. നഗരസഭക്ക് വരുമാനം ലഭിക്കേണ്ട പലതും കണ്ടില്ലെന്നു നടിച്ചതായും പറയുന്നു. സ്കൂളുകളിലേക്ക് ഫർണിച്ചറുകൾ, സ്പോർട്സ് കിറ്റുകൾ, വാട്ടർ പ്യൂരിഫയർ, സി.സി.ടി.വി തുടങ്ങിയവ വാങ്ങിയ വകയിൽ കരാറുകാരിൽ നിന്നും വിതരണക്കാരിൽ നിന്നും ഈടാക്കേണ്ടിയിരുന്ന ജി.എസ്.ടി, വരുമാന നികുതി എന്നിവ കൃത്യമായി കുറവ് ചെയ്തിട്ടില്ല.
ഏകദേശം 2.5 ലക്ഷത്തിലധികം രൂപയാണ് ഇതിലൂടെ നഗരസഭക്ക് നഷ്ടമായത്. സി.സി.ടി.വി സ്ഥാപിച്ച വകയിൽ 4.5 ലക്ഷം രൂപയുടെയും, വൈദ്യുതി ഉപകരണങ്ങൾ വാങ്ങിയതിൽ 1.5 ലക്ഷം രൂപയുടെയും ക്രമക്കേട് കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് 1.5 ലക്ഷം രൂപയുടെ വൈദ്യുതി ഉപകരണങ്ങൾ വാങ്ങിയത്. താലൂക്ക് ആശുപത്രിയിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതായും കണ്ടെത്തിയിട്ടുണ്ട്. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിലുമാണ് ക്രമക്കേട്. 10 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾക്ക് കൃത്യമായ രേഖകളോ ഫയലുകളോ ഇല്ല. വ്യക്തമായ ബില്ലുകളോ അനുബന്ധ രേഖകളോ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് 10,45,783 രൂപയുടെ ചിലവുകൾ ഓഡിറ്റ് വിഭാഗത്തിന് മരവിപ്പിക്കേണ്ടി വന്നതായും പറയുന്നു.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി 2,42,613 രൂപയുടെ മരുന്നുകൾ ലഭിച്ചതിന് വ്യക്തമായ രേഖകളില്ല. ഡയാലിസിസ് മരുന്നുകളും ഉപകരണങ്ങളും വാങ്ങാനുള്ള പദ്ധതിയിൽ 9,99,985 ചെലവഴിച്ചതിൽ 8,03,170 രൂപയുടെ ബില്ലുകളോ ഫയലുകളോ ലഭ്യമല്ല. എൻ.സി.ഡി കെയർ യൂനിറ്റിലേക്ക് ഉപകരണങ്ങൾ വാങ്ങാനായി ഒരു വർഷം മുൻപ് 1,09,750 അഡ്വാൻസ് നൽകിയിട്ടും ഇ.സി.ജി മെഷീൻ ഉൾപ്പെടെ സാധനങ്ങൾ ഇതുവരെ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

