ബൈക്കിലെത്തി മൊബൈൽ ഫോൺ തട്ടിയെടുക്കൽ; മൂന്നുപേർ അറസ്റ്റിൽ
text_fieldsബിലാദ്, ഷിഹാസ്, അജിംഷാ
കായംകുളം: ബൈക്കിൽ വന്ന് മൊബൈൽ ഫോൺ പിടിച്ചുപറിക്കുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. എരുവ കുട്ടേത്ത് തെക്കതിൽ ബിലാദ് (20), കീരിക്കാട് തെക്ക് എരിയപുറത്ത് ഷിഹാസ് (20), എരുവ വലിയത്ത് കിഴക്കതിൽ അജിംഷാ (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഓച്ചിറ- ചൂനാട് റോഡിൽ ശിവശക്തി നൃത്ത വിദ്യാലയത്തിന് മുൻവശത്ത് വിദ്യാർഥിയുടെ വിലപിടിപ്പുള്ള മൊബൈലാണ് സംഘം കവർന്നത്. കഴിഞ്ഞ ഒമ്പതിന് വൈകീട്ടായിരുന്നു സംഭവം. സൈക്കിളിൽ വരുകയായിരുന്ന കൃഷ്ണപുരം മുളവേലിൽ വടക്കതിൽ ആദിത്യനെ (17) തടഞ്ഞുനിർത്തി 28,000 രൂപ വില വരുന്ന മൊബൈൽ ഫോൺ അപഹരിച്ചു. വിവിധ സ്ഥലങ്ങളിൽ ഇവർ ഇത്തരത്തിൽ മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഉദയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജി. ദീപക്, ഷാജഹാൻ, സബീഷ്, എ.എസ്. ഫിറോസ്, മുഹമ്മദ് ഷാൻ, ദീപക് വാസുദേവൻ, സുന്ദരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

