കളിമികവുമായി ദിയ സായ് മൈതാനിയിലേക്ക്
text_fieldsദിയ
കായംകുളം: സിക്സർ പറത്തിയും വിക്കറ്റ് തെറിപ്പിച്ചും കളിക്കളത്തിൽ താരമായ കൊച്ചുമിടുക്കി ഇനി സായ് മൈതാനിയിൽ പരിശീലിക്കും. കായംകുളം കെ.പി.എ.സി ജങ്ഷൻ മരുതനാട് കല്യാണിയിൽ അനീഷ്-_ആര്യ ദമ്പതികളുടെ ഏക മകൾ ദിയയാണ് (എട്ട്) കളിക്കളത്തിൽ തിളങ്ങുന്നത്. സെൻറ് മേരീസ് ബഥനി സ്കൂളിലെ ഈ മൂന്നാം ക്ലാസുകാരിയുടെ കളിമിടുക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സായ് മൈതാനിയിൽ എത്തിച്ചത്.
റൈറ്റ് ഹാൻഡ് ബാറ്റിങ്, മീഡിയം ബേസ് ബൗളിങ്, എന്നിവയിലാണ് ദിയ തിളങ്ങുന്നത്. കായംകുളത്തെ ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിൽനിന്നാണ് ക്രിക്കറ്റിെൻറ ബാലപാഠങ്ങൾ അഭ്യസിച്ചുതുടങ്ങിയത്. രാവിലെ ആറുമുതലുള്ള പരിശീലനത്തിൽ മുടങ്ങാതെ എത്തുന്ന കൃത്യത കളിയിലെ മികവിന് കാരണമായി.
തൃശൂരിൽ ലൂങ്സ് ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച ഒാൾ കേരള ക്രിക്കറ്റ് ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ശ്രദ്ധ നേടി. െഎ.പി.എൽ സൺറൈസേസ് ഹൈദരാബാദിെൻറ കോച്ചുകൂടിയായ ബിജു ജോർജിെൻറ ഇടപെടലാണ് ദിയക്ക് സായിയിലെ സൗജന്യ പരിശീലനത്തിന് കാരണമായത്. ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സിനിൽ സബാദിെൻറ ഇടപെടലാണ് ഇതിന് നിമിത്തമായത്.