വെള്ളം സർവത്ര; തീരവാസികൾക്ക് കുടിക്കാൻ തുള്ളിപോലുമില്ല
text_fieldsകുടിവെള്ളം ശേഖരിക്കാൻ ഭാര്യയുടെ സഹായത്തോടെ മുച്ചക്ര വാഹനത്തിൽ ഇറങ്ങിയ ഭിന്നശേഷിക്കാരൻ
കായംകുളം: 'വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രെ' എന്ന അവസ്ഥയിലാണ് കായലോരവാസികൾ. ഒരിറ്റ് കുടിനീരിന് പരക്കം പായുകയാണിവർ. തിമിർത്തുപെയ്യുന്ന മഴയിൽ ചുറ്റും വെള്ളം കെട്ടിനിൽക്കുേമ്പാഴാണ് കുടിനീർ ശേഖരിക്കാൻ പാത്രങ്ങളും തലയിലേന്തി പ്രദേശവാസികൾ നാടുചുറ്റുന്നത്.
പൈപ്പ് പൊട്ടി ജലവിതരണം തകരാറിലായതാണ് നഗരത്തിെൻറ പടിഞ്ഞാറൻ പ്രദേശത്തുകാരെ പ്രയാസത്തിലാക്കിയത്. കാലപ്പഴക്കത്താൽ ദ്രവിച്ച പൈപ്പുകൾ അടിക്കടി പൊട്ടുന്നതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണം.
നാല് പതിറ്റാണ്ട് പഴക്കമുള്ള പൈപ്പുകൾക്ക് പുതിയ സംവിധാനത്തിലെ ശക്തമായ ജലപ്രവാഹം താങ്ങാനുള്ള ശേഷിയില്ല. എം.എസ്.എം കോളജിന് സമീപം പടനിലം ജങ്ഷനിൽ 10 ദിവസം മുമ്പ് പൈപ്പ് പൊട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പരാതി ശക്തമായതോടെ തകരാർ കണ്ടെത്തി പരിഹരിച്ചെങ്കിലും അടുത്ത ദിവസങ്ങളിലായി സമീപത്തെ പലഭാഗങ്ങളിലായി പൈപ്പുകൾ വ്യാപക നിലയിൽ പൊട്ടി.
ഇതോടെ കുറഞ്ഞ അളവിലാണ് ഇപ്പോൾ ജലവിതരണമുള്ളത്. പുതിയ പൈപ്പുകൾ സ്ഥാപിച്ചാൽ മാത്രമെ വിഷയത്തിന് ശാശ്വത പരിഹാരമാകൂ. ഇതിനിടെ, കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളം എത്തിക്കുന്നെങ്കിലും ഇത് മതിയാകുന്നില്ലന്നാണ് പരാതി. ഓരോ വീടുകൾക്ക് മുന്നിലും വെള്ളം ശേഖരിക്കാൻ പാത്രങ്ങളുടെ നീണ്ട നിരയാണുള്ളത്.
പൈപ്പ്ലൈനുകൾ മാറ്റിസ്ഥാപിച്ച് വിഷയം പരിഹരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ജലവിഭവ വകുപ്പിെൻറ മെെല്ലപ്പോക്കും കെടുകാര്യസ്ഥതയുമാണ് പരിഹാരത്തിന് തടസ്സമാകുന്നതെന്നാണ് ആക്ഷേപം.