പെരുമഴയത്തും ഇവിടെ കുടിവെള്ളം കിട്ടാക്കനി
text_fieldsകായംകുളം : ശക്തമായ മഴയുടെ കെടുതികളിൽ നട്ടം തിരിയുന്ന നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്നവർക്ക് കുടിവെള്ളം കിട്ടാക്കനിയാകുന്നു. അച്ചൻകോവിലാർ കലങ്ങിമറിഞ്ഞത് ജലശുദ്ധീകരണശാലയുടെ പ്രവർത്തനത്തെ ബാധിച്ചതാണ് കുടിവെള്ള വിതരണം തടസപ്പെടുന്നതിന് കാരണമായത്. കഴിഞ്ഞ മൂന്ന് ദിവസമായി ജനം കുടിവെള്ളത്തിനായി പരക്കം പായുകയാണ്. അച്ചൻകോവിലാറിലെ ജലം ചെളിയും, മാലിന്യവും നിറഞ്ഞതിനാൽ ശുദ്ധീകരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയാകുന്നത്.
പത്തിയൂരിലെ കുടിവെള്ള സംഭരണിയിൽ നിന്നാണ് നഗരസഭ കൂടാതെ കൃഷ്ണപുരം പഞ്ചായത്തിലെ ദേശത്തിനകത്തും ആറാട്ടുപുഴ പഞ്ചായത്തിലെ ചില ഭാഗങ്ങളിലും കുടിവെള്ളം എത്തിയിരുന്നത്. ഇതിനായി അച്ചൻകോവിലാറ്റിലെ കണ്ടിയൂർ കടവിലാണ് പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്ന് പത്തിയൂരിലെ ശുദ്ധീകരണശാലയിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് പദ്ധതി പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നത്.
കിഴക്കൻമേഖലയിലെ ഉരുൾപൊട്ടലും, ശക്തമായ മഴയും കാരണമാണ് അച്ചൻകോവിലാർ കലങ്ങിമറിഞ്ഞ് കരകവിഞ്ഞത്. സാധാരണ ജലത്തിലെ കലക്കലിന്റെ അളവ് നാല് ശതമാനമാണ്. ഇപ്പോൾ 380 നും 400 നും ഇടയിലായതാണ് ശുദ്ധീകരണത്തിന് തടസം. ശുദ്ധീകരിച്ചാലും ഉപയോഗിക്കാൻകഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ പമ്പിംഗ് പുനരാരംഭിച്ചെങ്കിലും കുടിക്കാൻ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും പിന്നാലെ എത്തുകയായിരുന്നു. പൈപ്പ് വെളളം ജലജന്യരോഗങ്ങൾക്ക് കാരണമാകുമെന്നാണ് പറയുന്നത്. പലരും വെള്ളം ഉപയോഗിച്ചതിന് ശേഷമാണ് ജല അതോറിറ്റിയുടെ അറിയിപ്പ് എത്തുന്നത്. അതേസമയം ബദൽ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം. നഗരവാസികൾക്ക് ടാങ്കറിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചെങ്കിലും ഇത് പര്യാപ്തമാകുന്നില്ലന്നാണ് ജനം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

