കായംകുളം നഗരസഭ പദ്ധതി പ്രവർത്തനങ്ങളിൽ അഴിമതി; ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷം
text_fieldsകായംകുളം: നഗരസഭയിലെ പദ്ധതി പ്രവർത്തനങ്ങളിലെ അഴിമതിയെച്ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. കാർഷിക സാമഗ്രികൾ വിതരണം ചെയ്തതിന്റെ മറവിൽ വൻ അഴിമതി നടത്തിയതായാണ് യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ ആരോപണം.
എന്നാൽ, പ്രവർത്തനങ്ങളിൽ അസൂയപൂണ്ട യു.ഡി.എഫ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് വികസനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഭരണപക്ഷമായ എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന നടന്ന സിമന്റ് ചട്ടി, ഗ്രോ ബാഗ്, പ്ലാവിൻ തൈ, ഇടവിള കൃഷി സാമഗ്രികളുടെ വിതരണം എന്നിവയുടെ മറവിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി യു.ഡി.എഫ് പറയുന്നു. ഇനം തിരിച്ചുള്ള കണക്കുകളില്ലാതെയാണ് തട്ടിപ്പ് നടത്തിയത്. തദ്ദേശീയ മാർക്കറ്റിൽ 75 രൂപ മാത്രം വിലയുള്ള ചട്ടികൾ 370 രൂപ നിരക്കിൽ വാങ്ങിയതായാണ് മനസ്സിലാക്കുന്നത്. 1320 ഗുണഭോക്താക്കൾക്ക് 10 ചട്ടി വീതം വിതരണം ചെയ്തതിലൂടെ ലക്ഷങ്ങൾ കീശയിലാക്കി.
മലേഷ്യൻ പ്ലാവൻതൈ വിതരണത്തിലും ക്രമക്കേടുണ്ടായി. സമീപ നഗരസഭയിൽ 25 രൂപ ഗുണഭോക്തൃ വിഹിതമായി വാങ്ങിയ മലേഷ്യൻ പ്ലാവിൻ തൈക്ക് ഇവിടെ 50 രൂപയാണ് ഈടാക്കിയത്. 10 കിലോഗ്രാം നൽകേണ്ട ഇടവിള കൃഷി സാമഗ്രികൾ 8.5 കിലോയാണ് വിതരണം ചെയ്തത്. ഒരു വാർഡിൽ 50 പേർക്കാണ് ഇടവിള കൃഷി അനുവദിച്ചത്. ഇതിൽ ഒന്നരക്കിലോ കുറഞ്ഞതും അഴിമതിയുടെ ഭാഗമാണ്. 3300 കിലോ ഇടവിള കൃഷിയിനങ്ങൾ എവിടെ പോയി എന്നത് സംബന്ധിച്ച് അന്വേഷണം വേണം.
ആകെ 48,83,000 രൂപ ചെലവഴിച്ചതിൽ വലിയൊരു തുക കമീഷനായി പലരും പറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് വ്യക്തതയില്ലാത്ത മറുപടി നൽകിയത് അഴിമതിക്ക് തെളിവാണ്. അഴിമതിയിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി അറിയിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ അധ്യക്ഷത വഹിച്ചു. കെ. പുഷ്പദാസ്, എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, പി.സി. റോയ്, അൻസാരി കോയിക്കലേത്ത്, ബിധു രാഘവൻ, ബിജു നസറുള്ള, അംബിക, ലേഖ, പി.കെ. അമ്പിളി, ഷൈനി, ഗീത എന്നിവർ സംസാരിച്ചു.
കഴിഞ്ഞ കുറെനാളായി യു.ഡി.എഫ് കൗൺസിൽ നടപടികൾ തടസ്സപ്പെടുത്തുന്നതായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പച്ചക്കറി കൃഷി പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. ജനറൽ വിഭാഗത്തിൽ പ്ലാൻ ഫണ്ടിൽനിന്ന് 26.73 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായി 8.91 ലക്ഷം രൂപയും ചേർത്തും പട്ടികജാതി വിഭാഗത്തിൽ പ്ലാൻ ഫണ്ടിനത്തിൽ 9.9 ലക്ഷവും ഗുണഭോക്തൃ വിഹിതമായി 3.3 ലക്ഷം രൂപയും ചേർത്താണ് പദ്ധതി നടപ്പാക്കിയത്.
ജനറലിൽ ഒരു വാർഡിൽ 810 ചട്ടി വീതം 44 വാർഡിലും നൽകി. പട്ടികജാതി വിഭാഗത്തിൽ 13,200 ചട്ടിയും വിതരണം ചെയ്തു. ഒരു ചട്ടിക്ക് പ്രോട്ടീൻ മിശ്രിതവും പച്ചക്കറി തൈയും ഉൾപ്പെടെ 25 രൂപ ഗുണഭോക്തൃ വിഹിതവും 75 രൂപ നഗരസഭ വിഹിതവുമാണ് ഈടാക്കിയത്. 44 വാർഡിലും നടപ്പാക്കിയ പദ്ധതിയിൽ അഴിമതി നടന്നിട്ടില്ല. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നേരിടാൻ ഭരണസമിതിയും ഉദ്യോഗസ്ഥരും തയാറാണെന്നും എൽ.ഡി.എഫ് വ്യക്തമാക്കി.
വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരംസമിതി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, അഡ്വ. ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, ഷാമില അനിമോൻ, പാർലമെന്ററി പാർട്ടി ലീഡർ ഹരിലാൽ, നാദിർഷ ചെട്ടിയത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

