കട്ടച്ചിറ പള്ളിയിൽ കല്ലറകൾ തകർത്തതിനെച്ചൊല്ലി സംഘർഷം
text_fieldsകട്ടച്ചിറ പള്ളിക്ക് മുന്നിൽ വിശ്വാസികളും പൊലീസും
കായംകുളം: സഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ കല്ലറ തകർത്തത് സംഘർഷാവസ്ഥക്ക് ഇടയാക്കി. ഓർത്തഡോക്സ് വിഭാഗം പെരുന്നാളിന്റെ മറവിൽ കല്ലറകൾ തകർത്തതായാണ് പരാതി. ഞായറാഴ്ച രാവിലെ സെമിത്തേരിയിൽ പ്രാർഥനക്കായി വിശ്വാസികൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
വട്ടപ്പറമ്പിൽ പടീറ്റതിൽ മറിയാമ്മ സാമുവലിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായാണ് പ്രധാന പരാതി. കൂടാതെ ആനി ഭവനിൽ സാറാമ്മ കൊച്ചുകുട്ടി, കോലോലിൽ തെക്കതിൽ ഈശോ നൈനാൻ, കുളത്തിന്റെ കിഴക്കതിൽ മത്തായി, ചിന്നമ്മ എന്നിവരുടെ കല്ലറകളുടെ സ്ലാബുകളും കുരിശുകളും തകർത്തതായും പരാതിയുണ്ട്. ഇതിൽ പ്രതിഷേധിച്ച് വൈകീട്ട് യാക്കോബായക്കാർ സംഘടിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതോടെ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. തർക്കം നിലനിൽക്കുന്ന കട്ടച്ചിറ പള്ളിയിൽ സംസ്കാര ചടങ്ങുകൾ മിക്കപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
യാക്കോബായ വിഭാഗത്തിന്റെ പരാതിയിൽ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. തുടർന്ന് ഇരുകൂട്ടരുമായും ചർച്ച നടത്തിയാണ് സംഘർഷ സാഹചര്യം ഒഴിവാക്കിയത്. എന്നാൽ, വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സമരം തുടങ്ങിയതോടെ പ്രശ്നം രൂക്ഷമാകുകയാണ്. കല്ലറകൾ നശിപ്പിച്ചതിൽ നടപടിയുണ്ടാകണമെന്ന് യാക്കോബായ ഇടവക ട്രസ്റ്റി അലക്സ് എം. ജോർജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

