കോളജ് ജങ്ഷൻ-പുല്ലുകുളങ്ങര റോഡ് തകർന്നു; യാത്ര ദുസ്സഹം
text_fieldsകായംകുളം: കായംകുളം-കാർത്തികപ്പള്ളി റോഡിലെ കോളജ് ജങ്ഷൻ മുതൽ പുല്ലുകുളങ്ങര-മുഴുങ്ങോടിക്കാവ് ഭാഗം വരെ കുണ്ടും കുഴിയുമായത് യാത്രക്കാരെ വലക്കുന്നു. കാൽനടപോലും ദുസ്സഹമായതോടെ രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾക്കകം പഴയ സ്ഥിതിയിലേക്ക് മാറി. അശാസ്ത്രീയവും മഴക്കാലമെന്നത് പരിഗണിക്കാതെയുള്ള നിർമാണവുമാണ് തകർച്ചക്ക് കാരണം.
കുഴികൾ അടച്ചുള്ള ടാറിങ്ങിന് പകരം ചെറിയ മെറ്റലും അതിന് മേൽ മെറ്റൽ പൊടിയും വിതറുകയാണ് ചെയ്തത്. കരുവിൽപീടിക ഭാഗം, ചേലപ്പുറം , ഞാവക്കാട് സ്കൂൾ ഭാഗം, മുഴങ്ങോടിക്കാവ് എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ റോഡ് വെള്ളക്കെട്ടായതോടെ കുഴികൾ കാണാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപെട്ട സംഭവങ്ങളുമുണ്ടായി.
കാർത്തികപ്പള്ളി മുതൽ മുതുകുളം വരെയുള്ള നവീകരണം കാര്യക്ഷമമായ രീതിയിലാണ് നടന്നത്. ഇതിന് ശേഷമുള്ള കായംകുളം മണ്ഡലത്തിന്റെ ഭാഗമായ പുല്ലുകുളങ്ങര മുതൽ കോളജ് ജങ്ഷൻവരെയുള്ളിടത്തെ നവീകരണത്തിലാണ് ഗുരുതര വീഴ്ചകളുണ്ടായത്.
പ്രതിഷേധത്തെ തുടർന്ന് പേരിന് മാത്രമായി അറ്റകുറ്റപ്പണി നടത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ ഫണ്ട് വകയിരുത്തി നവീകരണം ഉടൻ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

