കായംകുളത്ത് സംഘർഷം: 81 എസ്.എഫ്.ഐക്കാർക്കെതിരെ കേസ്; നാലുപേർ കസ്റ്റഡിയിൽ
text_fieldsകോൺഗ്രസ് കായംകുളത്ത് നടത്തിയ പ്രതിഷേധം പ്രകടനം
കായംകുളം: എം.എസ്.എം കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെത്തുടർന്ന് കായംകുളത്ത് നടന്ന സംഘർഷത്തിൽ 81 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. നാലുപേരെ കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പാർട്ടി ഓഫിസിന് മുന്നിൽവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനെയും പൊലീസിനെയും ആക്രമിച്ച കേസിലാണ് നടപടി. എസ്.എഫ്.ഐ പ്രവർത്തകരായ അരവിന്ദ് രാജ്, ആഷിക്, മുഹമ്മദ് അൻഷാദ്, അമൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എസ്.എഫ്.ഐ പ്രവർത്തകയെ ഭീഷണിപ്പെടുത്തിയ കേസിൽ 10 കെ.എസ്.യു-യൂത്ത് കോൺഗ്രസുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു നഗരത്തിൽ അക്രമം അരങ്ങേറിയത്. കോൺഗ്രസ് ഓഫിസിന് മുൻവശത്തുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷമീം ചീരാമത്തിനെ (34) ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 10 പേരടക്കം 31 എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. എസ്.എഫ്.ഐ നേതാക്കളായ അൽ അമീൻ, അൽ സഫാൻ, കാശി നാഥ് എന്നിവരാണ് മുഖ്യ പ്രതികൾ.
കോൺഗ്രസ് ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചതിനിടെയുള്ള കല്ലേറിൽ രാമങ്കരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജോൺ, കായംകുളം ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവർ അനൂപ് എന്നിവർക്ക് പരിക്കേറ്റിരുന്നു. കല്ലേറിൽ ട്രാഫിക് പൊലീസിന്റെ ബൊലേറോ ജീപ്പിന്റെ ഗ്ലാസും തകർന്നിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊതുമുതൽ നശീകരണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എഫ്.ഐ പ്രവർത്തകയായ വൈഷ്ണവിയെ ഭീഷണിപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരായ ഷമീം, ഹഫീസ്, ഫസൽ, അസ്ലം, ഏയ്ഞ്ചൽ മേരി ജാക്സൺ എന്നിവരും കണ്ടാലറിയാവുന്ന അഞ്ച് പേരുമാണ് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

