നോക്കുകുത്തിയായി ഒരു രൂപക്ക് കുപ്പിവെള്ളം
text_fieldsകായംകുളം: 'ഒരുരൂപക്ക് ഒരുകുപ്പി വെള്ളം' എന്ന് കൊട്ടിഗ്ഘോഷിച്ച നഗരസഭയുടെ കുടിവെള്ള വിതരണ പദ്ധതി നോക്കുകുത്തിയായി മാറിയതിൽ പ്രതിഷേധമുയരുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയാണ് പ്രവർത്തനരഹിതമായത്.
താലൂക്ക് ആശുപത്രി, നഗരസഭ, സസ്യമാർക്കറ്റ് എന്നിവിടങ്ങളിലാണ് 2018-19 വർഷത്തിൽ കുടിവെള്ള വിതരണ മെഷീനുകൾ സ്ഥാപിച്ചത്. ഒരുരൂപ നാണയം ഇട്ടാൽ ഒരുകുപ്പി വെള്ളം എന്നതായിരുന്നു പദ്ധതി. കുടിവെള്ളം കിട്ടാക്കനിയായിരുന്ന മൂന്ന് സ്ഥലത്തും ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയായി ഇത് മാറിയിരുന്നു. ആശുപത്രിയിൽ എത്തിയിരുന്ന നൂറുകണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായിരുന്നു ഏറെ പ്രയോജനം.
മാർക്കറ്റിൽ പൊരിവെയിലത്ത് പണിയെടുക്കുന്നവർക്കും പദ്ധതി ആശ്വാസമായിരുന്നു. ആവശ്യക്കാർക്ക് തണുത്ത വെള്ളം ലഭിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. 10 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതി ഒരുവർഷത്തിൽ കുറഞ്ഞ കാലം മാത്രമാണ് ശരിയായി പ്രവർത്തിച്ചത്.
യന്ത്രങ്ങൾ തകരാറിലായതോടെ കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. തകരാറിലായവ നന്നാക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് ഇവ നോക്കുകുത്തികളായി കുടിവെള്ളം കിട്ടാതായത് ആശുപത്രിയിലെത്തുന്നവരെയാണ് കാര്യമായി ബാധിച്ചത്. ആശുപത്രിയിൽ കുടിവെള്ളം കിട്ടുന്നതിന് മറ്റ് സംവിധാനമില്ല. ഇപ്പോൾ കൂടിയ വില കൊടുത്ത് പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. യന്ത്രങ്ങൾ ശരിയാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തുന്നതിനെതിരെ വിമർശനം വ്യാപകമാണ്. ജനങ്ങൾക്ക് കുടിവെള്ളം നൽകുന്ന പദ്ധതി പുനഃസ്ഥാപിക്കാൻ നടപടികളുണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

