തുഴച്ചിലുകാരെ ആക്രമിച്ച സംഭവം: മുൻ സി.പി.എം നേതാവ് അറസ്റ്റിൽ
text_fieldsസുധീർ
കായംകുളം: വള്ളംകളി കഴിഞ്ഞ് മടങ്ങിയ തുഴച്ചിലുകാരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ആശുപത്രി ആക്രമണക്കേസിലെ പ്രതിയായ മുൻ സി.പി.എം നേതാവ് അറസ്റ്റിൽ. കായംകുളം ചിറക്കടവം മുറിയിൽ മാളിക പടീറ്റതിൽ വീട്ടിൽ സുധീറിനെയാണ് (32) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സുധീർ സി.പി.എം ചിറക്കടവം ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്.ജലോത്സവത്തിനുശേഷം കായംകുളം ഗോകുലം ഗ്രൗണ്ടിൽ സംഘടിച്ചെത്തി വീയപുരം ചുണ്ടൻവള്ളം തുഴയാനെത്തിയവരെ കമ്പിക്കഷണങ്ങളും തടിക്കഷണങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. പിടികൂടാനുള്ള മറ്റ് പ്രതികൾ സി.പി.എമ്മുകാരാണെന്നാണ് സൂചന.
ആക്രമണത്തിൽ തലയോട്ടിക്ക് മാരകമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ സുധീർ കായംകുളം ഗവ. ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ്. ആശുപത്രി ആക്രമണത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുധീറിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കായംകുളം പൊലീസ് അറിയിച്ചു.
കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

