പ്രതികൾ കൺമുന്നിൽ; പൊലീസിന് മാത്രം കാണാനാകുന്നില്ല
text_fieldsകായംകുളം: പ്രതികൾ സ്റ്റേഷന് മുന്നിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിട്ടും പൊലീസുകാർക്ക് മാത്രം കാണാനാകാത്തതിന് കാരണം രാഷ്ട്രീയ സമ്മർദമെന്ന് ആക്ഷേപം. നവകേരള സദസ്സിന്റെ മറവിൽ കൊറ്റുകുളങ്ങരയിൽ ക്വട്ടേഷൻ ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് സ്റ്റേഷന് മുന്നിലൂടെ സ്വൈര്യവിഹാരം നടത്തുന്നത്.
കൊറ്റുകുളങ്ങര ഒറാറശേരിൽ വഹാബിന് (ബാബുക്കുട്ടൻ- 36) മർദനമേറ്റ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിലെ അലംഭാവത്തിന് പിന്നിൽ ഭരണകക്ഷിയുടെ സമ്മർദമാണെന്നാണ് പരാതി. നവകേരള യാത്രാ സംഘത്തിന് നേരെയുള്ള പ്രതിഷേധം തടയാൻ ഇറങ്ങിയതിന്റെ മറവിലാണ് പൊലീസിന്റെ കൺമുന്നിൽ ക്വട്ടേഷൻ ആക്രമണം നടത്തിയത്. മുൻ വൈരാഗ്യമായിരുന്നു കാരണം. നിരവധി കേസുകളിൽ പ്രതിയായ അരുൺ അന്തപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ബാബുക്കുട്ടൻ മൊഴി നൽകിയതോടെ സി.പി.എം വെട്ടിലായി.
ഇതോടെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചെങ്കിലും ചില നേതാക്കൾ സംരക്ഷണം ഒരുക്കുന്നതായ ആക്ഷേപം ശക്തമായിരുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും കേസിലെ ഒരു പ്രതിയെ പോലും പിടികൂടാനായിട്ടില്ല. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയ കേസിലെ ലാഘവ സമീപനം തുടക്കം മുതലെ പ്രകടമായിരുന്നു. രണ്ട് പൊലിസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയായിട്ടും അരുൺ സംരക്ഷണ വലയത്തിൽ കഴിയുന്നതിൽ സി.പി.എമ്മിലും അസംതൃപ്തി ശക്തമാണ്.
2021 ൽ ബാബുക്കുട്ടന്റെ കുടുംബത്തിൽപ്പെട്ടവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 10 ലക്ഷത്തോളം കവർച്ച നടത്തിയ സംഭവം അരങ്ങേറിയിരുന്നു. ഇതിൽപ്പെട്ട പ്രതികൾക്ക് പിന്നീട് കൊറ്റുകുളങ്ങരയിൽ വെച്ച് മർദ്ദനമേറ്റിരുന്നു. ഇതിലെ ശത്രുതയാണ് ബാബുക്കുട്ടനെ ആക്രമിക്കാൻ കാരണമാകുന്നത്. ഈ കേസിൽ ഉൾപ്പെട്ട ഒരു പ്രതിക്ക് ഒപ്പമാണ് ബുധനാഴ്ച രാവിലെ 10 നും 11 നും ഇടയിൽ സ്റ്റേഷന് മുന്നിലൂടെ അരുൺ സഞ്ചരിച്ചത്. എന്നാൽ അന്വേഷണം ഊർജിതമാണെന്നും പ്രതികൾ സ്ഥലത്തില്ലാത്തതാണ് പ്രശ്നമെന്നുമാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

