കായംകുളത്ത് 10 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
text_fieldsകായംകുളം: രക്ഷകർത്താക്കൾ ഇല്ലാതിരുന്ന സമയം വീട്ടിനുള്ളിൽ 10 വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തിയൂർ കിഴക്ക് ചെറിയ പത്തിയൂർ അശ്വതി വീട്ടിൽ വാടകക്ക് താമസിക്കുന്ന ശാലിനി (സുൽഫത്ത്)-മുഹമ്മദ് അനസ് ദമ്പതികളുടെ മകൻ മുഹമ്മദ് അൻസിലാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു. പൂട്ടിക്കിടന്ന വീട്ടിൽ അനുജൻ മുഹമ്മദ് അജിനും (അഞ്ച്) ഉണ്ടായിരുന്നു. ഉച്ചക്ക് ഇരുവരും വീട്ടിൽ കരുതിയ ഭക്ഷണം കഴിക്കുകയും ഇതിന് ശേഷം അജിൻ ഉറങ്ങുകയും ചെയ്തു.
ഉണർന്നപ്പോൾ കഴുത്തിൽ തോർത്ത് കുരുങ്ങിയ ജ്യേഷ്ഠനെ കണ്ട് കരഞ്ഞു. ഇതുകേട്ട് സമീപവാസികൾ പിൻവാതിലിലൂടെ വീടിനകത്ത് കയറി. ഉടൻ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പത്തിയൂർ ഗവ. ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ അടുത്തിടെയാണ് അൻസിൽ പ്രവേശനം നേടിയത്. മാതാവ് മക്കളെ വീട്ടിനുള്ളിലാക്കി പൂട്ടിയിട്ടശേഷം തൃശൂരിലേക്ക് പോയതാണെന്ന് പറയുന്നു.
ഭർത്താവുമായി ഏറെക്കാലമായി പിണങ്ങി കഴിയുകയാണ്. കരീലകുളങ്ങര സി.ഐ അനിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

