കായംകുളം: സി.പി.എം പ്രവർത്തകൻ വൈദ്യൻവീട്ടിൽ തറയിൽ സിയാദിനെ (36) കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി എരുവ സക്കീന മൻസിലിൽ വെറ്റ മുജീബ് (39), അക്രമണക്കേസിൽ പ്രതിയായ എരുവ ചെറുകാവിൽ വിഠോബ ഫൈസൽ (32) എന്നിവരെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൊലപാതക കേസിൽ കസ്റ്റഡിയിലായ എരുവ സ്വദേശി വിളക്ക് ഷഫീഖിനെ (26) ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ മുജീബിനെ വീട്ടിലെത്തിച്ച കോൺഗ്രസ് കൗൺസിലർ കാവിൽ നിസാം കൊലപാതക കേസിൽ മൂന്നാം പ്രതിയാണ്.
കൊലപാതകത്തിനുശേഷം കോയിക്കപ്പടിയിൽെവച്ച് സിയാദിെൻറ സുഹൃത്തുക്കളായ റജീഷ് (34), പനമ്പള്ളി ഷഹീർ (32) എന്നിവരെ അക്രമിച്ച കേസിൽ ആറുപേരാണ് പ്രതിപ്പട്ടികയിൽ. അറസ്റ്റിലായവരെ കൂടാതെ തക്കാളി ആഷിക്കും കണ്ടാലറിയാവുന്ന രണ്ടുപേരുമാണ് പ്രതികൾ. വിവിധ സ്റ്റേഷനുകളിലായി കൊലപാതകമടക്കം 30 കേസുകൾ മുജീബിനെതിരെയുള്ളതായി പൊലീസ് പറഞ്ഞു.
കാപ്പ നിയമപ്രകാരം ജയിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കാപ്പ പ്രകാരം ആറുതവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.
ഡിവൈ.എസ്.പി അലക്സ് ബേബി, സി.െഎ മുഹമ്മദ് ഷാഫി, മാവേലിക്കര സി.െഎ വിനോദ്, എസ്.െഎ ഷൈജു ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.