കായംകുളം: കോവിഡ് സമൂഹ വ്യാപന വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളുമായി വ്യാപാര മേഖലയെ നേരിടുന്ന നഗരസഭ നടപടി വിവാദമാകുന്നു. മധ്യതിരുവിതാംകൂറിലെ പച്ചക്കറി മൊത്ത വിപണനകേന്ദ്രം കൂടിയായ സസ്യമാർക്കറ്റിനെ കോവിഡ് വ്യാപന മേഖലയാക്കി തകർക്കാൻ നീക്കം നടക്കുന്നതായി വ്യാപാരികൾ ആരോപിച്ചിരുന്നു. ഇതിനെ ശരിെവക്കുന്ന തരത്തിൽ നഗരസഭ കണക്കുകൾ പുറത്തുവിട്ടതോടെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. ടൗണിലെ 76 സമ്പർക്കരോഗികളിൽ 41ഉം സസ്യമാർക്കറ്റുമായി ബന്ധപ്പെട്ടതാണെന്നാണ് ചെയർമാൻ അറിയിച്ചത്. ഇതിൽ സസ്യമാർക്കറ്റ് വാർഡിലെ ആകെ രോഗികളുടെ എണ്ണവും രോഗബാധിതരായ കച്ചവടക്കാരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും വ്യക്തമാക്കുന്നുമില്ല. എന്നാൽ, മാർക്കറ്റിലെ വിരലിൽ എണ്ണാവുന്ന കച്ചവടക്കാർക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വ്യാപാരി നേതാക്കൾ പറയുന്നത്. ഇവരുടെ രോഗത്തിന് സസ്യമാർക്കറ്റുമായി ബന്ധമില്ലെന്നും കണക്കുകൾ പെരുപ്പിച്ചുകാട്ടുകയാണെന്നും ഇവർ പറയുന്നു.
നാലാം വാർഡിലെ മത്സ്യ മൊത്തവിതരണ കേന്ദ്രത്തിന് സമീപത്തുനിന്നാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇദ്ദേഹത്തിൽനിന്നാണ് കുടുംബക്കാരനായ സസ്യമാർക്കറ്റിലെ വ്യാപാരിയിലേക്ക് രോഗം എത്തുന്നത്. പിന്നീട് ഇൗ കുടുംബത്തിലും ഇവരുമായി സഹകരിച്ചവരിലും ഉൾപ്പെട്ട മുഴുവൻ സമ്പർക്ക രോഗികളെയും സസ്യമാർക്കറ്റുമായി ബന്ധപ്പെടുത്തുകയായിരുെന്നന്നാണ് ആക്ഷേപം.
ആദ്യം രോഗം സ്ഥിരീകരിച്ച നാലാം വാർഡിൽ മാത്രം ഇരുപതോളം പേരാണ് രോഗികളായത്. സസ്യമാർക്കറ്റ് വാർഡുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മത്സ്യ മൊത്ത വിപണനകേന്ദ്രവുമായി ബന്ധമുള്ളവരാണെന്നത് വിസ്മരിച്ചതും വിവാദത്തിന് കാരണമാണ്. രോഗ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിൽ വീഴ്ചവരുത്തിയതും സംശയങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതിന് കലക്ടർ ഇടപെട്ട് പൊലീസ് മുഖാന്തരം ചില നീക്കങ്ങൾ നടത്തിയെങ്കിലും അട്ടിമറിക്കപ്പെട്ടതായാണ് സൂചന.
ഇൗ സാഹചര്യത്തിലാണ് സസ്യമാർക്കറ്റിനെതിരെ ആസൂത്രിത നീക്കം ഉണ്ടാകുന്നതായി സംശയം ഉയർന്നത്. സമ്പർക്കഭീഷണി ഉയർത്തിക്കാട്ടി ഒമ്പതാം വാർഡുകാർക്ക് മാത്രമായി ആൻറിജൻ ടെസ്റ്റ് നടത്താനുള്ള നീക്കവും ഇതിന് ബലം പകരുന്നു. കർശന നിയന്ത്രണത്തോടെ വാഹനങ്ങൾ കടത്തിവിടാമെന്ന സാധ്യത പരിശോധിക്കാത്തതും വിമർശനവിധേയമാവുകയാണ്.