കായംകുളത്തോട് ടൂറിസം വകുപ്പിന് കടുത്ത അവഗണന; വിനോദസഞ്ചാരമെന്നാൽ ബീച്ചും പുന്നമടയും മാത്രമല്ല -യു. പ്രതിഭ എം.എൽ.എ
text_fieldsലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കായംകുളം കായലോരത്ത് നടന്ന ശുചീകരണ
പ്രവർത്തനം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കായംകുളം: ടൂറിസം വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി യു. പ്രതിഭ എം.എൽ.എ. ജില്ലയിലെ വിനോദസഞ്ചാര മേഖലയെന്നാൽ ആലപ്പുഴ ബീച്ചും പുന്നമടക്കായലും മാത്രമാണെന്ന മിഥ്യാധാരണയിലാണ് ടൂറിസം വകുപ്പ് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു.
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കായലോരത്ത് നടന്ന ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു യു. പ്രതിഭ. കായംകുളം കായലോര വിനോദ സഞ്ചാര പദ്ധതി സി.ആർ.ഇസഡിന്റെ കെണിയിൽ കുടുക്കി അട്ടിമറിക്കപ്പെടുകയാണ്. വിഷയത്തിൽ പരിഹാരം തേടി നിരവധി തവണ മന്ത്രിമാരുടെ മുന്നിലെത്തി. എന്നാൽ, ഒന്നും നടക്കാത്തതിൽ സങ്കടമുണ്ട്. മന്ത്രി റിയാസിന് മുന്നിലും അതിന് മുമ്പുള്ള മന്ത്രിമാരോടും ഈ വിഷയം പറഞ്ഞിട്ടുണ്ട്.
മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി ഏഴു കോടിയോളം ചെലവിൽ നടപ്പാക്കിയ കായലോര പദ്ധതിയിൽ ആർക്കും തൊടാൻ കഴിയുന്നില്ല. പൂർത്തിയാക്കിയ ശേഷമാണ് സി.ആർ.ഇസഡിന്റെ കെണി ബോധ്യപ്പെടുന്നത്. നിയമപരമായ പ്രശ്നമുള്ളതിനാൽ കെട്ടിട നമ്പർ നൽകാൻ നഗരസഭക്ക് കഴിയുന്നില്ല. കായലോര വിനോദ സഞ്ചാര വികസനത്തെ ബോധപൂർവം അധികൃതർ അവഗണിക്കുകയാണോയെന്നും സംശയമുണ്ട്.
ടൂറിസം ഭൂപടത്തിൽ കായംകുളം ഉണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്രക്കുള്ള അവഗണനയാണ് അഭിമുഖീകരിക്കുന്നത്. എന്നാൽ, ഉദ്യോഗസ്ഥർ ഇതിൽ പങ്കാളികളാണെന്ന് വിശ്വസിക്കുന്നില്ല. ലോകപ്രശസ്തമായ കെട്ടുകാഴ്ചകളുടെ പ്രാധാന്യമുള്ള നാടാണ് ഓണാട്ടുകര. ആലപ്പുഴക്കൊപ്പം പ്രാധാന്യമുണ്ടായിട്ടും തികഞ്ഞ അവഗണനയാണ് ഓണാട്ടുകര നേരിടുന്നത്.
വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുന്നതിൽ സങ്കടമുണ്ട്. ആലപ്പുഴയുടെ ഭാഗം തന്നെയാണ് കായംകുളമെന്ന് ഭരണാധികാരികൾ ഓർക്കണമെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഫർസാന ഹബീബ്, ജില്ല ടൂറിസം സെക്രട്ടറി അനൂപ് തുടങ്ങിയവർ സംസാരിച്ചു.