കന്നീസാകടവ് പാലം നവീകരണത്തിന് വഴിതെളിയുന്നു; സർവേ നടപടി പൂർത്തിയായി
text_fieldsകായംകുളം കന്നീസാ കടവ് പാലം
കായംകുളം: നഗരത്തിന്റെ വടക്കൻ മേഖലയുടെ വികസനത്തിന് തടസ്സമായ കന്നീസാകടവ് പാലം പുതുക്കിപ്പണിയാൻ സാധ്യത തെളിയുന്നു. സർവേ നടപടി പൂർത്തിയായതോടെ ഇതുമായി ബന്ധപ്പെട്ട് വിളിച്ച സ്ഥലം ഉടമകളുടെ യോഗത്തിൽ അനുകൂല നിലപാടാണ് ഉണ്ടായത്. പാലം യാഥാർഥ്യമായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകും.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോട് ചേർന്ന് കോടതി റോഡിൽനിന്ന് കന്നീസ ചർച്ച് വരെയാണ് കരിപ്പുഴ കനാലിന് കുറുകെ കന്നീസ പാലം നിലകൊള്ളുന്നത്.എട്ടുവർഷം മുമ്പ് പുതിയ പാലം നിർമിച്ചപ്പോൾ അധികൃതർക്ക് സംഭവിച്ച ദീർഘവീക്ഷണമില്ലായ്മ ഏറെ വിമർശനത്തിന് കാരണമായിരുന്നു.
കഷ്ടിച്ച് ഒരു ഓട്ടോറിക്ഷ കടന്നുപോകുന്ന വീതിയെ പാലത്തിനുണ്ടായിരുന്നുള്ളൂ. ഒരുസമയം ഒരുവാഹനത്തിന് മാത്രമേ സഞ്ചരിക്കാനാകൂ. പാലത്തോടൊപ്പം റോഡ് വികസനത്തിനുള്ള ഇടപെടലുകളും തുടങ്ങി. പ്രതാംഗമൂട് വരെ എട്ട് മീറ്റർ വീതിയിൽ റോഡ് നിർമിക്കാനാണ് ലക്ഷ്യം. പാലത്തിന് 12 മീറ്റർ വീതിയുണ്ടാകും. 12 കോടിയോളം രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയത്.
32ഓളം വീട്ടുകാരാണ് സ്ഥലം വിട്ടുകൊടുക്കേണ്ടത്. ഇവരെല്ലാം വെള്ളിയാഴ്ച നടന്ന യോഗത്തിൽ സംബന്ധിച്ചിരുന്നു. നഗരസഭ ചെയർപേഴ്സൻ പി. ശശികല, സ്ഥിരംസമിതി അധ്യക്ഷൻ പി.എസ്. സുൽഫിക്കർ, കൗൺസിലർമാരായ പി.കെ. അമ്പിളി, കെ. പുഷ്പദാസ് എന്നിവരും പൊതുമരാമത്ത്-റവന്യൂ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

