കൈതപ്പുഴ കായലിൽ വള്ളംകളി ആഗസ്റ്റ് 27ന്
text_fieldsrepresentational image
അരൂർ: കൈതപ്പുഴ കായലിലെ ജലോത്സവം ആഗസ്റ്റ് 27ന് നടത്താൻ സംഘാടകസമിതി തീരുമാനിച്ചു. ഇത്തവണ ഒമ്പത് എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളെയും ബി ഗ്രേഡിൽ ഒമ്പത് വള്ളങ്ങളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം. അരൂർ ഗ്രാമത്തിന്റെ ഉത്സവമായി ജലോത്സവത്തെ മാറ്റാനാണ് സംഘാടകസമിതി ആലോചിക്കുന്നത്.
അരൂർ ക്ഷേത്രം മുതൽ അരൂക്കുറ്റി ഫെറി വരെ നീളുന്ന അരൂക്കുറ്റി റോഡിന്റെ ഇരുവശത്തുമുള്ള മതിലുകളിൽ ജലോത്സവത്തെ അറിയിക്കുന്ന ചിത്രരചന നടത്തും. കലാ -കായിക മത്സരങ്ങളും സംഘടിപ്പിക്കും.
അരൂർ പണ്ഡിറ്റ് കറുപ്പൻ ഹാളിൽ കൂടിയ യോഗത്തിൽ ടി.ഡി. ഷിബു അധ്യക്ഷത വഹിച്ചു. അരുൺ രാജ്, ഇ.വി. അംബുജാക്ഷൻ, സുനിൽ ചെട്ടുതറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിമിൽ, ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ. ചെയർമാനായി സി.കെ. ശ്രീശുകൻ, ജനറൽ കൺവീനർ പി.ആർ. രതീഷ് ചന്ദ്രൻ, കൺവീനർ പി.വി. ഉദയൻ, ട്രഷറർ എൻ.ടി. ധനേഷ് എന്നിവരെ ഭാരവാഹികളായും 501 പേരുടെ ജനറൽ കമ്മിറ്റിക്കും രൂപംനൽകി.