ആലപ്പുഴ: കടക്കെണിമൂലം കർഷകർ ആത്മഹത്യ ചെയ്യുന്ന കേരളത്തിൽ രണ്ട് ലക്ഷം കോടി കടമെടുത്ത് കെ-റെയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മനോനില പരിശോധിക്കേണ്ടതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി. കുട്ടനാടൻ കാർഷിക മേഖലയിൽ കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ സഖാക്കൾ ജീവനും ചോരയും നൽകിയ ആ വിഭാഗത്തോട് കടുത്ത വഞ്ചനയാണ് കാട്ടുന്നത്.
കേരളത്തിൽ മുതലാളിത്തത്തെ തലോടുകയും തൊഴിലാളിദ്രോഹം കാട്ടുകയും ചെയ്യുന്ന പിണറായിക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും കാലം മാപ്പുനൽകില്ലെന്നും സുധാകരൻ പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്‍റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, ജില്ല യു.ഡി.എഫ് ചെയർമാൻ സി.കെ. ഷാജിമോഹൻ, ബി. ബൈജു, ഇ. സമീർ, എം. രവീന്ദ്രദാസ്, കെ.ആർ. രാജേന്ദ്രപ്രസാദ്, ബാബു ജോർജ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ജി. മനോജ്കുമാർ, വി. ഷുക്കൂർ, ടി.വി. രാജൻ, ബി. രാജലക്ഷ്മി, ശ്രീദേവി രാജൻ, എം.പി. സജീവ്, സജി കുര്യാക്കോസ്, കെ. ഗോപകുമാർ, ശ്രീജിത്ത് പത്തിയൂർ എന്നിവർ സംസാരിച്ചു.