ഏഴ് പതിറ്റാണ്ട് മൂന്നത്തെ സൈക്കിൾ പ്രചാരണ അനുഭവങ്ങളുമായി കെ. നാരായണൻ
text_fieldsകെ. നാരായണൻ
കായംകുളം: തെരഞ്ഞെടുപ്പ് പ്രചാരണം ആധുനിക സങ്കേതങ്ങളിലേക്ക് മാറിയപ്പോൾ സൈക്കിൾ ചവിട്ടിയും നടന്നും മണ്ഡലമാകെ നിറഞ്ഞുനിന്ന് വോട്ട് തേടിയ അനുഭവങ്ങളുമായി കെ. നാരായണൻ. 1948 ലെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പ് മുതലുള്ള ഒാർമകളാണ് 96 കാരനായ മുരുക്കുംമൂട് ചേരാവള്ളി ശ്രീഭവനത്തിൽ കെ. നാരായണന് പങ്കുവെക്കാനുള്ളത്. അന്ന് സ്വതന്ത്രനായി മത്സരിച്ച ടി.എ. മൈതീൻകുഞ്ഞിനായി പ്രവർത്തന രംഗത്ത് സജീവമായിരുന്നു. 1954 ലെ തിരു-കൊച്ചി അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പമായിരുന്ന പി.കെ. കുഞ്ഞിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. മണ്ഡലമാകെ സൈക്കിൾ ചവിട്ടിയും നടന്നും നേതൃത്വം നൽകിയ പ്രവർത്തന രീതി ഇന്നത്തെ തലമുറക്ക് ഓർക്കാവുന്നതിനും അപ്പുറമാണ്.
1931 ൽ പെരിങ്ങാല താനുവേലിൽ വെളുത്തകുഞ്ഞിെൻറ മകനായി ജനിച്ച നാരായണൻ വിദ്യാർഥി കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പുതുപ്പള്ളി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള വരവിലെ സ്വാതന്ത്ര്യ സമര കാഴ്ചകളാണ് നാരായണനെ രാഷ്ട്രീയക്കാരനാക്കിയത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി കായംകുളത്തെ ആദ്യ പാർട്ടി സെല്ലിലെ നാല് പേരിൽ ഒരാളായി. വിദ്യാർഥിയായിരിക്കെ കമ്മ്യൂണിസ്റ്റുകാരെ സഹായിച്ചതിെൻറ പേരിൽ ഒളിവിൽ പോകേണ്ടിവന്നു.
പോരാട്ടത്തിെൻറ കനൽവഴികൾ താണ്ടിയ നാളുകളുടെ നിരവധി ജ്വലിക്കുന്ന ഒാർമകളാണ് ഇദ്ദേഹത്തിനുള്ളത്. നഗരസഭ വൈസ് ചെയർമാനും ചെയർമാനുമായി പാർലമെൻററി രംഗത്തും സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം വരെയായി രാഷ്ട്രീയ രംഗത്തും നിറഞ്ഞുനിന്ന ഇദ്ദേഹം ഇന്ന് വിശ്രമ ജീവിതത്തിലാണ്.
1954 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി ഡിവിഷൻ കമ്മിറ്റി അംഗമായിരുന്ന 23 വയസുകാരന്റെ സംഘാടനം പി.കെ. കുഞ്ഞിന് മികച്ച വിജയമാണ് സമ്മാനിച്ചത്. കരുനാഗപ്പള്ളി വരെ വ്യാപിച്ച് കിടന്ന അന്നത്തെ കൃഷ്ണപുരം മണ്ഡലത്തിലെ ഒാരോ ബൂത്തുകളിലും നേരിട്ട് എത്തി പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. സൈക്കിളിലായിരുന്നു സഞ്ചാരം. 1957 ലെ തെരഞ്ഞെടുപ്പിൽ കെ.ഒ. െഎഷാബായിയുടെ തെരഞ്ഞെടുപ്പ് സെക്രട്ടറിയായും 1967 ൽ പി.കെ. കുഞ്ഞിെൻറ തെരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രൻപിള്ളയായിരുന്നു തെരഞ്ഞെടുപ്പ് സെക്രട്ടറിയെങ്കിലും ഉത്തരവാദിത്വം നാരായണനാണ് നിർവഹിച്ചത്. പുതിയ കാലത്ത് സൈബർ ഇടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച യാതൊരു ധാരണയും ഇദ്ദേഹത്തിനില്ല.
സ്ഥാനമോഹങ്ങളില്ലാതെ ആദർശം മുന്നിൽ നിർത്തിയ രാഷ്ട്രീയ പ്രവർത്തന ഒാർമകളാണ് പങ്കുവെക്കാനുള്ളത്. നേതൃത്വങ്ങളോട് കലഹിച്ച് 1986 ഒാടെ സജീവ രാഷ്ട്രീയം വിട്ടുവെങ്കിലും കായംകുളത്തെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. വാർധക്യത്തിെൻറ അവശതകൾ വർധിച്ചേതാടെ നാല് വർഷമായി വീട്ടിൽ തന്നെയാണ്. ഭാര്യ തങ്കമ്മയുടെ മരണവും യാത്രകൾ ഒഴിവാക്കുന്നതിന് കാരണമായി. ഇളയമകൻ ശ്രീവൽസന് ഒപ്പമാണ് താമസം. മൂത്ത മകൻ ശ്രീരഞ്ജൻ സമീപത്ത് തന്നെ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

