ആലപ്പുഴ: കമ്യൂണിസ്റ്റ് ആചാര്യൻ പി. കൃഷ്ണപിള്ളയുടെ 72ാം ചരമ വാർഷികദിനം ബുധനാഴ്ച കമ്യൂണിസ്റ്റ് പാർട്ടികൾ ആചരിക്കുകയാണ്.ഈ ദിനത്തില്‍ കമ്യൂണിസ്റ്റുകാർ മാത്രമല്ല അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയേണ്ടത് ഒന്ന് മാത്രം; കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ടതും പ്രതിമ തകര്‍ത്തതും ആര്? 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചയാണ് സ്മാരകത്തിന് നേർക്ക് ആക്രമണം ഉണ്ടായത്. പാർട്ടിയുമായി ബന്ധപ്പെട്ട എതുസംഭവങ്ങൾ ഉണ്ടായാലും സ്വന്തം നിലയില്‍ അന്വേഷിക്കുന്ന കേഡർ പ്രസ്ഥാനമാണ് സി.പി.എം. എന്നാല്‍, കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് മാത്രം പാര്‍ട്ടി അന്വേഷിച്ചില്ല.
പകരം പൊലീസ് അന്വേഷണം ശരിവെച്ച് പൊലീസ് പ്രതികളാക്കിയവര്ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. എസ്.എഫ്.ഐ മുന്‍ നേതാവ് ലതീഷ് ചന്ദ്രന്, മുന്‍ എല്‍.സി സെക്രട്ടറി പി. സാബു തുടങ്ങിയ അഞ്ചുപേരെയും നിരപരാധികളെന്ന് കണ്ട് അടുത്തിടെയാണ് കോടതി വെറുതെവിട്ടത്. ഈ സവിശേഷ സാഹചര്യത്തിലാണ് യഥാർഥത്തിൽ ആരാണ് സ്മാരകം കത്തിച്ചതെന്ന ചോദ്യം ഉയരുന്നത്. സംഭവദിവസം തന്നെ സമീപത്തെ ഇന്ദിര ഗാന്ധി സ്തൂപവും തകർക്കപ്പെട്ടിരുന്നു.
എന്നാൽ, അത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന സംശയം ബലപ്പെട്ടിരുന്നു. അതേസമയം, പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് വിവാദം പുതിയ മാനങ്ങളിലേക്ക് പോയതോടെ ഇത്തരം കാര്യങ്ങൾ വിസ്മരിക്കപ്പെടുകയായിരുന്നു.