ആലപ്പുഴ: കോവിഡ് ലോക്ഡൗണിൽ വിനോദസഞ്ചാര മേഖല സ്തംഭിച്ചതോടെ അത്താഴം മുട്ടിയവരിൽ പ്രധാനപ്പെട്ട വിഭാഗമാണ് ടൂറിസ്റ്റ് ഗൈഡുകൾ.
തൊഴിൽ നിലച്ച് ജീവിതം വഴിമുട്ടിയപ്പോൾ ജില്ല കോടതി വാർഡിൽ കൈതവളപ്പിൽ പുത്തൻവീട്ടിൽ അഭയകുമാറിന് പുതുവഴിതേടാൻ പുത്തൻ ചിന്തകളെ കൂട്ടുപിടിക്കേണ്ടി വന്നു.
ധൈര്യപൂർവം പുതിയ മേഖലയിലേക്ക് തിരിയുമ്പോൾ മനസ്സിൽ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ ലാഭം ലഭിച്ചിെല്ലങ്കിലും നഷ്ടം ഉണ്ടാവരുതെന്ന് മാത്രം. അങ്ങനെയാണ് അച്ചാർ വിൽപനയിൽ എത്തിയത്.
സാധാരണ ഉണ്ടാക്കുന്നതിൽനിന്ന് വ്യത്യസ്തമായത് എന്ന നിലയിൽ 'ലെമൺ പാം ജഗരി പിക്കിൾസ്' ഉണ്ടാക്കി വിൽക്കാൻ തുടങ്ങി.
സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തിട്ടുണ്ടെന്നതാണ് ഇതിെൻറ പ്രത്യേകത. നാരങ്ങ, കരിപ്പെട്ടി, അയമോദകം, കരിഞ്ജീരകം, പാൽക്കായം, കുരുമുളക്, ഏലക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഓർഗാനിക് വിനാഗിരിയിലാണ് അഭയകുമാർ അച്ചാർ ഉണ്ടാക്കുന്നത്.
അഭയകുമാറിനെ പോലെയല്ല ജില്ലയിലെ 300ഓളം വരുന്ന ടൂറിസ്റ്റ് ഗൈഡുകളുടെ അവസ്ഥ. ഡി.ടി.പി.സിയുടെ 10 മാസത്തെ കോഴ്സ് പൂർത്തിയാക്കിയ 129 ടൂറിസ്റ്റ് ഗൈഡുകളാണ് കായൽ ടൂറിസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. 2017ലാണ് കലക്ടർ ഇവർക്ക് ലൈസൻസ് നൽകിയത്. 2019ൽ കാലാവധി കഴിഞ്ഞെങ്കിലും ഇതുവരെ പുതുക്കി നൽകിയിട്ടില്ല.
സർക്കാറിൽനിന്നു ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഡിസ്ട്രിക്ട് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ പ്രസിഡൻറ് റിയാസ് രാജ പറഞ്ഞു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ടൂറിസം അധികൃതർക്ക് നിവേദനം നൽകിയിരുന്നു. തൊഴിൽ നഷ്ടപ്പെട്ട ഗൈഡുകളിൽ അധിക പേരും കൂലിത്തൊഴിൽ ഉൾെപ്പടെ കിട്ടുന്ന ജോലിക്ക് പോയാണ് ജീവിതം തള്ളിനീക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.