ഉദ്ഘാടന ചടങ്ങിനിടെ ചങ്ങാടം മറിഞ്ഞു; പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്‍റും വെള്ളത്തിൽ -വിഡിയോ
text_fieldsഹരിപ്പാട്: നാട്ടുകാർ തോടു കടക്കാൻ നിർമിച്ച ചങ്ങാടത്തിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പോയത് വെള്ളത്തിലേക്ക്. കരുവാറ്റയിലാണ് സംഭവം. കന്നുകാലി പാലത്തിന് തെക്ക് ചെമ്പ് തോട്ടിൽ മറുകര കടക്കുന്നതിനായി നാട്ടുകാർ നിർമ്മിച്ച ചങ്ങാടമാണ് ഉദ്ഘാടന ചടങ്ങിനിടെ തലകീഴായി മറിഞ്ഞത്. താഴെ പ്ലാസ്റ്റിക് വീപ്പ അടുക്കി മുകളിൽ കൈവരിയുള്ള പ്ലാറ്റ്ഫോം നിർമിച്ചാണ് ചങ്ങാടം രൂപകൽപ്പന ചെയ്തത്.
ഇതിന്റെ ഉദ്ഘാടനത്തിനായി പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ക്ഷണിച്ചു. ചങ്ങാടത്തിൽ കയറി നിന്ന് ചങ്ങാടത്തിലും കരയിലും ആയി ബന്ധിപ്പിച്ചിരിക്കുന്ന കയറിൽ പിടിച്ചു വലിച്ചാണ് ഇരുകരകളിലേക്കും ചങ്ങാടം എത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി സുരേഷും വൈസ് പ്രസിഡൻറ് ടി. പൊന്നമ്മയും ചങ്ങാടിൽ കയറി മറുകര എത്തി ഉദ്ഘാടന കർമം നിർവഹിച്ച ശേഷം തിരികെ കരയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ചങ്ങാടത്തിന് തങ്ങാവുന്നതിനും അപ്പുറം ആളുകൾ പ്രസിഡൻ്റിനും വൈസ് പ്രസിഡൻറിനും ഒപ്പം ചങ്ങാടത്തിലേക്ക് കയറി.
ഈ സമയം ചങ്ങാടം ഒരു വശം ചരിഞ്ഞു. അത് കൂട്ടാക്കാതെ മറുകരയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. അധികപേരും ചങ്ങാടത്തിന് അടിയിൽ പെട്ടു പോയെങ്കിലും പെട്ടെന്ന് തന്നെ നീന്തി കരപറ്റി കരയിലുണ്ടായിരുന്നവരും രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽ പെട്ടവരെ കരയിലെത്തിച്ചു. പലരുടേയും ഫോൺ നഷ്ടപ്പെടുകയും തകരാറിലാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

