എന്നെ ഗായികയാക്കിയ ജാനകിയമ്മ -ദലീമ
text_fieldsഅരൂർ: ദലീമ പാടുമ്പോൾ കേൾവിക്കാർക്കുതോന്നും എസ്. ജാനകിയാണെന്ന്. അത്രക്ക് സാമ്യമുണ്ടായിരുന്നു ഗായികയും അരൂർ മുൻ എം.എൽ.എയുമായ ദലീമക്ക് എസ്. ജാനകിയുടെ ശബ്ദവുമായി. അതുകൊണ്ടുതന്നെ വേദികളിൽ എസ്. ജാനകിയുടെ പാട്ടുകൾ പാടാൻ ശ്രോതാക്കൾ ആവർത്തിച്ച് ആവശ്യപ്പെടുമായിരുന്നു. മലയാളത്തിലെ പ്രിയ ഗായിക എസ്. ജാനകി വിട്ടുപിരിഞ്ഞത് വിശ്വസിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല ദലീമക്ക്. ഗാനമേളകളിൽ പാടുമ്പോഴെല്ലാം ജാനകിയമ്മയുടെ പാട്ടുകൾ പാടാൻ നിർബന്ധിച്ച ഒട്ടേറെ അനുഭവങ്ങൾ ദലീമ ഓർത്തെടുക്കുന്നു.
ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. മറ്റെല്ലാ സീനിയർ ഗായികമാരെയും കണ്ടിട്ടുണെങ്കിലും ജാനകിയമ്മയെ മാത്രം നേരിൽ കാണാൻ അവസരമുണ്ടായില്ല. ‘ജാനകിയമ്മയുടെ ഒരുപാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസവും കടന്നുപോകാൻ ഞാൻ അനുവദിക്കാറില്ല -ദലീമ പറയുന്നു. ജാനകിയമ്മയുടെ പാട്ട് കേട്ടാണ് വളർന്നത്. പാട്ട് ജീവിതം തുടങ്ങിയത് ജാനകിയമ്മയുടെ പാട്ടുപാടി കൊണ്ടാണ്. തളിരിട്ട കിനാക്കൾ..., മഞ്ഞണി പൂനിലാവ്..., കേശാദി പാദം... തുടങ്ങി എത്രയോ പാട്ടുകൾ.
പ്രേതഗാനങ്ങൾ, താരാട്ടുപാട്ടുകൾ, തെലുങ്ക്, കന്നട ഭാഷകളിൽ നിന്നും എത്തിച്ച ജാനകിയമ്മയുടെ ഭക്തിഗാനങ്ങൾ എത്രയോ തന്നെക്കൊണ്ട് പാടിച്ചിരിക്കുന്നു. ജാനകിയമ്മ പാടിയ പാട്ടുകളിൽ ഒരുവിധപ്പെട്ടതെല്ലാം പാടിയിട്ടുണ്ടെന്ന് ദലീമ പറഞ്ഞു.‘ജൂനിയർ ജാനകി’ എന്നാണ് ദലീമയെ പാട്ട് പ്രേമികൾ വിളിച്ചിരുന്നത്. സ്റ്റേജ് ഷോകളിൽ തന്നെക്കൊണ്ട് ആവർത്തിച്ചു പാടിച്ച പാട്ടുകൾ ദലീമ ഓർത്തെടുത്തു. സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ.., തളിരിട്ട കിനാക്കൾ... മഞ്ഞണി പൂനിലാവ്... ഒരുകൊച്ചു സ്വപ്നത്തിൻ...അഞ്ജന കണ്ണെഴുതി... കൊന്നപ്പൂവേ... തുടങ്ങി എത്രയോ പാട്ടുകൾ...ഹിന്ദു ഭക്തിഗാനങ്ങൾ... കേശാദിപാദം എന്ന പേരിൽ സരിഗ ഓഡിയോ, വിൽസൺ ഓഡിയോ എന്നീ സംരംഭകർ സി.ഡി ഇറക്കിയപ്പോഴെല്ലാം ജാനകി അമ്മക്ക് എത്തിച്ചുകൊടുത്തിട്ടുണ്ട്. ഈ കുട്ടി നന്നായി പാടുന്നുണ്ടല്ലോ, പാട്ട് കേട്ട് അവർ പറഞ്ഞ നല്ല വാക്കുകൾ സീഡി എത്തിച്ചുകൊടുത്തവർ പറഞ്ഞത് കേട്ടപ്പോൾ അഭിമാനം തോന്നിയിട്ടുണ്ടെന്ന് ദലീമ പറഞ്ഞു.
ഇത്രയും വ്യക്തതയോടെ പാടുന്ന മറ്റൊരു ഗായികയില്ലെന്ന് ദലീമ പറയും. മറ്റു പലരുടെയും ഗാനങ്ങളുടെ അവ്യക്തത മനസ്സിലാക്കുമ്പോഴാണ് ജാനകിയമ്മയുടെ മികവ് പിന്നെയും തെളിയുന്നതെന്ന് ദലീമ പറഞ്ഞു. എസ്. ജാനകിക്ക് പകരമാകാൻ ജാനകി മാത്രം. കഥാപാത്രങ്ങളുടെ ഭാവങ്ങൾ ഇത്രയും ഉൾക്കൊണ്ട് പാടുന്ന മറ്റൊരു ഗായികയില്ല. ചിരിക്കുന്ന പാട്ടാണെങ്കിൽ കേൾക്കുന്നവരെ ചിരിപ്പിക്കും. കുഞ്ഞുങ്ങളുടെ പാട്ടാണെങ്കിൽ കൊഞ്ചിക്കുഴയും. കരയുന്ന പാട്ടാണെങ്കിൽ കേൾക്കുന്നവരെ കരയിപ്പിക്കും. കുറെയൊക്കെ ഭാവം ഉൾക്കൊണ്ട് ജാനകിയമ്മയുടെ പാട്ടുകൾ പാടാൻ താനും ശ്രമിച്ചിട്ടുണ്ട്. അതിൽ കുറെയൊക്കെ വിജയിച്ചതിന്റെ തെളിവാണ് ജനങ്ങളുടെ അംഗീകാരം. ജാനകിയമ്മയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് സ്വരസാമ്യതയുള്ള തന്നെയും ജനങ്ങൾ അംഗീകരിച്ചതെന്നതിൽ അഭിമാനമുണ്ടെന്ന് ദലീമ പറഞ്ഞു. പലതവണ ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനു പിന്നിലും, ജാനകിയമ്മയോടുള്ള ജനങ്ങളുടെ സ്നേഹത്തിൻറെ സാമ്യം കാണാമെന്ന് ദലീമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

