ചെങ്ങന്നൂർ: അരനൂറ്റാണ്ടിനുമുമ്പ് കൂടെ പഠിച്ച ചങ്ക് ചങ്ങാതി ജാനകിയമ്മയെ തിരഞ്ഞ് പഠിച്ച സ്കൂളിലെത്തി ക്ലാസ്മുറികളിലും വിദ്യാലയ മുറ്റത്തും കയറിയിറങ്ങി വാർത്തകളിൽ ഇടംനേടിയ ജമീല ബീവി വിടപറഞ്ഞു. മാന്നാർ കരീം മെറ്റൽ സ്േറ്റാഴ്സ് സ്ഥാപകൻ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ മൂത്ത മകളും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എരുമേലി പുത്തൻവീട്ടിൽ ഹാജി അബ്ദുൽ സലാമിെൻറ ഭാര്യയുമായ ജമീല ബീവി (66) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ 1964-68 വർഷം എട്ടാംക്ലാസ് പഠനം പൂർത്തിയാക്കി കോഴിക്കോട്ടേക്ക് താമസം മാറിപ്പോയ ജമീല ബീവി വിവാഹശേഷം എരുമേലിയിലായിരുന്നു.
താൻ പഠിച്ച സ്കൂളിനെക്കുറിച്ചും തെൻറ ഉറ്റ ചങ്ങാതിയും സഹപാഠിയുമായിരുന്ന ജാനകിയെക്കുറിച്ചുമുള്ള ഓർമകൾ മക്കളോടും പേരമക്കളോടും പങ്കുവെച്ചിരുന്ന ജമീല ബീവിക്ക് സഹപാഠി ജാനകിയെ കണ്ടെത്താൻ അതിയായ ആഗ്രഹം ആയിരുന്നു. മാതാവിെൻറ മോഹം പൂവണിയിക്കാൻ 2019 മേയ് ഒന്നിന് മൂത്ത മകനും ലോകബാങ്ക് േപ്രാജക്ട് കൺസൾട്ടൻറുമായ ഷബീർ മുഹമ്മദിനോടൊപ്പം നായർ സമാജം സ്കൂളിെൻറ മുറ്റത്ത് എത്തിയിരുന്നു.
ജാനകിയെന്ന ചങ്ക് സഹപാഠിയെക്കുറിച്ചുള്ള അന്വേഷണം മുഖപുസ്തകത്തിലൂടെ നടത്തിയ മകൻ ഷബീറിെൻറ പോസ്റ്റുകൾ മാന്നാർ അറ്റ് മാന്നാർ എഫ്.ബി ഗ്രൂപ് ഏറ്റെടുക്കുകയും അതിെൻറ അഡ്മിൻ അംഗങ്ങളുടെ അന്വേഷണം ജാനകിയിലെത്തുകയും ചെയ്തു. ബംഗളൂരുവിൽ മകളോടൊപ്പം താമസിക്കുന്ന ജാനകിയുമായി ഫോണിൽ ബന്ധപ്പെട്ട് ഓർമകൾ പുതുക്കുവാൻ ജമീല ബീവിക്ക് കഴിഞ്ഞെങ്കിലും നേരിട്ട് കാണണമെന്ന മോഹം ബാക്കിയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജമീല ബീവി ചികിത്സയിൽ ആണെന്നറിഞ്ഞ ജാനകിയമ്മ ആശുപത്രിയിലെത്തി. സഹപാഠിയെ കണ്ട നിർവൃതിയിലാണ് ശനിയാഴ്ച രാവിലെ ജമീല ബീവി യാത്രയായത്. എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.