അരൂർ ഗ്രാമപഞ്ചായത്ത് വാങ്ങിയതിൽ ക്രമക്കേട്; 900 ബയോബിൻ കെട്ടിക്കിടക്കുന്നു
text_fieldsഅരൂർ: ഗ്രാമപഞ്ചായത്തിലെ 22 വാർഡിലേക്കും വിതരണം ചെയ്യാനുള്ള 900 ബയോബിന്നുകളാണ് അരൂർ ഗവ. സ്കൂൾ ക്ലാസ് മുറിയിൽ കെട്ടിക്കിടക്കുന്നത്. മാർച്ചിൽ വിതരണം ചെയ്യേണ്ടവയാണിത്. മാലിന്യമുക്ത പഞ്ചായത്തായി അരൂരിനെ പ്രഖ്യാപിക്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി. എന്നാൽ, ക്രമക്കേട് ആരോപിച്ച് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. സർക്കാർ സ്കൂളിൽ രഹസ്യമായി ഇറക്കിവെച്ചതാണെന്നും ആക്ഷേപമുണ്ട്. ഓരോ വാർഡിലും 45 എണ്ണം വീതമാണ് വിതരണം ചെയ്യേണ്ടത്.
238 രൂപ ഗുണഭോക്താവ് നൽകണം. 2022ൽ അരൂർ ഗ്രാമപഞ്ചായത്തിൽ ബയോബിൻ വാങ്ങിയത് 1560 രൂപക്കായിരുന്നു. എന്നാൽ, ഇത്തവണ 2338 രൂപക്ക് വാങ്ങിയതാണ് വിമർശനത്തിന് ഇടയാക്കുന്നത്. നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറും സെക്രട്ടറിയും ആലോചിച്ചാണ് ഇവ വാങ്ങിയതെന്ന് പറയുന്നു. പഞ്ചായത്ത് കമ്മിറ്റിയോടോ, സ്റ്റിയറിങ് കമ്മിറ്റിയോടോ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനോടോ ആലോചിച്ചിട്ടില്ലെന്നും വിമർശനമുണ്ട്.
ഓപൺ ടെൻഡറിൽ വാങ്ങാനുള്ള നടപടി ഉണ്ടായില്ല. പർച്ചേസ് കമ്മിറ്റി നേരിട്ട് സർക്കാർ ഏജൻസിയോട് വാങ്ങുകയായിരുന്നത്രേ. ബയോബിൻ വാങ്ങിയ തുകയുടെ ഒരു ശതമാനം തുക പഞ്ചായത്തിന് തിരിച്ചു നൽകാമെന്ന് ഏജൻസി സമ്മതിച്ചതും സംശയമുളവാക്കുന്നുണ്ട്. സി.പി.എം അംഗങ്ങൾ ഒഴിച്ച് മറ്റെല്ലാ അംഗങ്ങളും ഇതിനെ എതിർത്തെന്നും അറിയുന്നു.
സമഗ്രമായ അന്വേഷണത്തിനുശേഷം വാങ്ങിയാൽ മതിയെന്ന് പ്രതിപക്ഷവും സി.പി.ഐ അംഗങ്ങളും പറഞ്ഞെങ്കിലും ഇവ ചെവിക്കൊള്ളാതിരുന്നതുമ ചർച്ചക്കിടയായിട്ടുണ്ട്. മാർച്ച് അവസാനത്തിന് തൊട്ടുമുമ്പ് ഇറക്കിവെച്ച ബയോബിന്നുകൾക്കൊപ്പം കൊണ്ടുവന്ന രാസവസ്തുക്കളുടെ ഉപയോഗ കാലാവധി ഇതിനകം കഴിയുമെന്നും പറയുന്നു. ബയോബിൻ കച്ചവടത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ഭൂരിപക്ഷം പഞ്ചായത്ത് അംഗങ്ങളുടെയും നിലപാട്.
173 പേരുടെ വിധവ പെൻഷൻ മുടങ്ങി
അരൂർ: ഗ്രാമപഞ്ചായത്ത് വിധവകളായ 173 പേരുടെ പെൻഷൻ അനുവദിച്ചില്ലെന്ന് ആക്ഷേപം. പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നവംബർ, ഡിസംബർ മാസങ്ങളിൽ പഞ്ചായത്തിൽ സമർപ്പിക്കുകയും കൈപ്പറ്റ് രസീത് വാങ്ങുകയും ചെയ്തിട്ടും 173 പേരുടെ വിധവ പെൻഷൻ വിതരണം ചെയ്തില്ലെന്നാണ് ആക്ഷേപം.
കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വിധവ പെൻഷൻ നഷ്ടമായ മുഴുവൻ പേരെയും പഞ്ചായത്തിൽ അണിനിരത്തി സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.കെ. മനോഹരൻ പറഞ്ഞു.
2023-24ലെ വാർധക്യ പെൻഷനുവേണ്ടി അപേക്ഷിച്ച ഇരുനൂറോളം അർഹരായവർക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം ഡിസംബറിൽ പെൻഷൻ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശനിയാഴ്ച നടക്കേണ്ടിയിരുന്ന അരൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിലും സെക്രട്ടറി ഹാജരായില്ലെന്ന് പ്രതിപക്ഷം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

