വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ വിവരാവകാശ കമീഷണറുടെ പരിശോധന
text_fieldsആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലെത്തിയ വിവരവകാശ കമീഷണർ എ.എ. ഹക്കീം രേഖകൾ പരിശോധിക്കുന്നു
ആലപ്പുഴ: വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) ഓഫിസിൽ വിവരവകാശ കമീഷണറുടെ പരിശോധന. സോഷ്യൽ സയൻസ് വിഷയത്തിലെ അധ്യാപകരുടെ വിവരങ്ങളും ഓഫിസിലെ പൗരാവകാശരേഖകളും ക്രമപ്പെടുത്താൻ 14 ദിവസത്തെ സാവകാശം നൽകി. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീം ഓഫിസിലെത്തി പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം രേഖകൾ പരിശോധിച്ചു.
പൗരവകാശ രേഖയടക്കമുള്ള ഫയലുകൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ പരാതിക്കിടയാക്കിയ സോഷ്യൽ സയൻസ് വിഭാഗത്തിലെ അധ്യാപകനിയമന വിഷയത്തിലടക്കം ജില്ലയിലെ സർക്കാർ സ്കൂളിൽ ജോലിചെയ്യുന്ന മുഴുവൻ അധ്യാപകരുടെ പേരുവിവരങ്ങളും ബന്ധപ്പെട്ട രേഖകളും വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഡി.ഡി ഇ.എസ്. ശ്രീലതക്ക് നിർദേശം നൽകി.
സോഷ്യൽ സയൻസ് അധ്യാപകരുടെ നിയമനരേഖകൾ ആവശ്യപ്പെട്ട് കായംകുളം കൊറ്റുകുളങ്ങര കൊറശേരിൽ നസ്റിൻ ഖാൻ ഉൾപ്പെട്ട പി.എസ്.സി ലിസ്റ്റിൽ ഉദ്യോഗാർഥികൾ വിവരാവകാശ കമീഷണർക്ക് നൽകിയ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നിയമനം അടക്കമുള്ള വിഷയത്തിൽ ഉദ്യോഗാർഥികൾക്ക് പകർപ്പ് അടക്കമുള്ള രേഖകൾ നൽകാൻ കമീഷണർ ഉത്തരവിട്ടു. ഈ വിവരം നേരത്തെ ആവശ്യപ്പെട്ടപ്പോൾ ഓഫിസിൽ ലഭ്യമല്ലെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെ വിവരവകാശ കമീഷൻ ഹിയറിങ്ങ് നടത്തി ജില്ലയിൽ സർക്കാറിൽനിന്ന് ശമ്പളംപറ്റുന്ന മുഴുവൻ അധ്യാപകരുടെ വിവരങ്ങൾ നൽകാൻ നിർദേശിക്കുകയായിരുന്നു.
എന്നാൽ, പരിശോധനയിൽ ഡി.ഡി.ഇ ഓഫിസിൽ പൗരാവകാശ രേഖകളടക്കം കാലികമായി പരിഷ്കരിച്ചിട്ടില്ലെന്നും ഫയലുകൾ ചിട്ടയോടെ കൈകാര്യം ചെയ്യുന്നില്ലെന്നും ബോധ്യപ്പെട്ടതായി കമീഷണർ എ.എ. ഹക്കീം പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ ഓഫിസുകളിലും ‘പൗരവകാശരേഖ’ നിർബന്ധമാണ്. അത് കാലോചിതമായി പരിഷ്കരിച്ച് അടിസ്ഥാനവിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് വിഷയത്തിൽ അധ്യാപകരായി ജോലിചെയ്യുന്നവരുടെ നിയമനം സംബന്ധിച്ച് പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ രേഖകൾ ആവശ്യപ്പെട്ടെങ്കിലും അത് കണ്ടെത്താനും കൊടുക്കാനും കഴിഞ്ഞിട്ടില്ല. ഈസാഹചര്യത്തിൽ അധ്യാപകരുടെ നിയമനത്തിനുള്ള അഡ്വവൈസ് മെമ്മോ മുതൽ സൂക്ഷിക്കേണ്ട രേഖകൾ പുനഃസൃഷ്ടിച്ച് അവയിൽനിന്ന് പകർപ്പ് കൊടുക്കണമെന്നാണ് നിയമം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ 14ദിവസം നൽകിയിട്ടുണ്ട്. ഇത് കൃത്യസമയത്ത് നൽകിയില്ലെങ്കിൽ ശിക്ഷ മൂന്ന് വിധമാണ്. ഇതിൽ ഉൾപ്പെട്ടവർക്ക് പിഴ ചുമത്തുകയെന്നതാണ് ആദ്യ നടപടി.
പിന്നാലെ അച്ചടക്കനടപടിയുണ്ടാകും. രേഖയുടെ അഭാവത്തിൽ അപേക്ഷകന് വിവരങ്ങൾ ലഭിക്കാത്തിരുന്നാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ സാമ്പത്തികാടിസ്ഥാനത്തിൽ കണക്കാക്കി നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നതാണ് മൂന്നാമത്തേത്. അപേക്ഷകന് ഏത് ഓഫിസിലും നേരിട്ടെത്തി രേഖകൾ വീണ്ടെടുക്കാനുള്ള അവകാശമുണ്ട്. ഇതിലൂടെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനാകും.
മറ്റൊന്ന് രേഖകളുടെ കോപ്പിയെടുക്കാം. കണ്ടെത്തിയ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും വാങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

