ആലപ്പുഴ ജില്ലയിൽ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 7110 സംരംഭം
text_fieldsആലപ്പുഴ: സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായി ഈ വർഷം ഇതുവരെ ജില്ലയിൽ തുടങ്ങിയത് 7110 പുതിയ യൂനിറ്റുകൾ. ഈ സാമ്പത്തിക വര്‍ഷം 7000 യൂനിറ്റുകള്‍ എന്നതായിരുന്നു ലക്ഷ്യം. 10 മാസവും 12 ദിവസവുംകൊണ്ട് 7110 പുതിയ യൂനിറ്റുകള്‍ തുടങ്ങിയാണ് ലക്ഷ്യം കൈവരിച്ചത്. ഇതോടെ കഴിഞ്ഞ വർഷം തുടക്കം കുറിച്ച സംരംഭക വർഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം 16,791 ആയി.
ഈ വർഷം പുതിയ സംരംഭങ്ങള്‍ വഴി 401.09 കോടിയുടെ നിക്ഷേപവും 13,450 പേര്‍ക്ക് തൊഴിലവസരവും നല്കി. 1051 യൂനിറ്റുകള്‍ ഉൽപാദന മേഖലയിലും 2979 യൂനിറ്റുകള്‍ സേവനമേഖലയിലും 3080 യൂനിറ്റുകള്‍ വാണിജ്യമേഖലയിലും പ്രവര്‍ത്തിക്കുന്നു. ഇതില്‍ 41 ശതമാനം വനിത സംരംഭകരാണ്. തണ്ണീര്‍മുക്കം, അരൂര്‍ പഞ്ചായത്തുകളാണ് ഏറ്റവുമധികം യൂനിറ്റുകള്‍ ആരംഭിച്ചത് -111 യൂനിറ്റുകള്‍. ഏറ്റവുമധികം യൂനിറ്റുകള്‍ ആരംഭിച്ച മുനിസിപ്പാലിറ്റി ആലപ്പുഴയാണ് (364 യൂനിറ്റ്).
സംരംഭകരില്‍ 788 പേര്‍ക്ക് വിവിധ ബാങ്കുകളില്‍നിന്നായി 42 കോടിയുടെ വായ്പയും ലഭ്യമാക്കി. 72 പഞ്ചായത്തിലും ആറ് മുനിസിപ്പാലിറ്റിയിലുമായി 86 എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാര്‍ പ്രവര്‍ത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുബോധവത്കരണ പരിപാടികള്‍, ലോണ്‍/ലൈസന്‍സ് മേളകള്‍, തദ്ദേശീയ വിപണന മേളകള്‍ എന്നിവയും സംഘടിപ്പിച്ചു.
സംരംഭകർ ഒറ്റക്കല്ല; കൈത്താങ്ങുമായി ഇ.ഡി.ഇമാർ
2022-23 സാമ്പത്തിക വർഷം ആരംഭിച്ച പുതിയ സംരംഭകരുടെ നിലനിൽപ് ഉറപ്പുവരുത്താൻ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാർ (ഇ.ഡി.ഇ) സംരംഭകരെ സന്ദർശിച്ച് അവർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്.
അവരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുക, മറ്റ് സഹായം ലഭ്യമാക്കുക, അതോടൊപ്പം ലൈസൻസ്/വായ്പ എന്നിവയിൽ തടസ്സമുണ്ടെങ്കിൽ അത് ദൂരീകരിക്കുന്നതിനുള്ള നടപടിയെപ്പറ്റിയും സംരംഭകരുമായി നേരിട്ട് ഇ.ഡി.ഇമാർ സംവദിക്കുന്നുണ്ട്. ജില്ലയിലെ 72 പഞ്ചായത്തിലും ആറ് മുനിസിപ്പാലിറ്റിയിലുമായി 86 എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാർ പ്രവർത്തിച്ചുവരുന്നു. നേട്ടത്തിനായി പ്രയത്നിച്ച മുഴുവന്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാരെയും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന് അഭിനന്ദിച്ചു.
കഴിഞ്ഞ വർഷം സംസ്ഥാനതലത്തില്‍ ഒന്നാമത്
സംരംഭക വര്‍ഷാചരണ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയില്‍ 2022-23 സാമ്പത്തിക വർഷം 100.16 ശതമാനം പദ്ധതി പൂര്‍ത്തീകരിച്ച് ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയിരുന്നു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒമ്പത് മാസംകൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല, ആദ്യ താലൂക്ക്, ആദ്യ ബ്ലോക്ക് എന്നീ നേട്ടങ്ങളും ആലപ്പുഴ സ്വന്തമാക്കി.
ജില്ലയില്‍ 9666 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വ്യവസായ വകുപ്പ് നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെയും ഏജന്‍സികളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 9681 സംരംഭങ്ങളാണ് ആരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളില്‍ 512 കോടിയുടെ നിക്ഷേപവും 20,586 പേര്‍ക്ക് തൊഴിലും അന്ന് ലഭ്യമായി. അന്ന് ആരംഭിച്ച സംരംഭങ്ങളില്‍ 19 ശതമാനം ഉൽപാദന മേഖലയിലും 35 ശതമാനം സേവന മേഖലയിലും 46 ശതമാനം വ്യാപാര മേഖലയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

