ആലപ്പുഴ നഗരസഭ പിടിക്കാൻ സ്വതന്ത്രനുവേണ്ടി പിടിവലി
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി യു.ഡി.എഫ് കരുത്തുകാട്ടിയെങ്കിലും ആലപ്പുഴ നഗരസഭയിൽ ആര് ഭരിക്കുമെന്ന് സ്വതന്ത്രൻ തീരുമാനിക്കും. മംഗലം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പന്‍റെ തീരുമാനമാണ് നിർണായകം. പി.ഡി.പി, എസ്.ഡി.പി.ഐ നിലപാടുകളും കേവല ഭൂരിപക്ഷമില്ലാത്ത മുന്നണികൾക്ക് ഗുണകരമാകും. അഞ്ചുവർഷത്തെ ഇടവേളക്കുശേഷം തിരിച്ചുവരവ് നടത്തിയ യു.ഡി.എഫ് ഭരണം ഉറപ്പിക്കാൻ നീക്കുപോക്കുകൾ തുടങ്ങിയിട്ടുണ്ട്. അതേസമയം, ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും സ്വതന്ത്രനായി ചരടുവലി ആരംഭിച്ചിട്ടുണ്ട്.
ഇരുമുന്നണികളുമായി ചർച്ച നടത്തിയ സ്വതന്ത്രൻ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതടക്കം കാര്യങ്ങൾ ചർച്ചനടത്തിയത് വാർഡിലെ സൗഹൃദവലയത്തിലെ കൂട്ടായ്മമാണ്. അവരുടെ തീരുമാനം കൂടി അറിഞ്ഞശേഷം നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. ഇരുമുന്നണികളിൽനിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ആരോടും വിരോധമില്ലെന്നാണ് ജോസ് ചെല്ലപ്പന്‍റെ നിലപാട്. 53 അംഗ നഗരസഭയിൽ യു.ഡി.എഫിന് 23 സീറ്റും എൽ.ഡി.എഫിന് 22 സീറ്റുമാണുള്ളത്. ബി.ജെ.പി-അഞ്ച്, പി.ഡി.പി-ഒന്ന്, എസ്.ഡി.പി.ഐ-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രനെയും പി.ഡി.പിയെയും കൂടെകൂട്ടി ഭരണം പിടിക്കാനാണ് ഇടതുനീക്കം.
ഇരുമുന്നണികളും സ്വതന്ത്രൻ ജോസ് ചെല്ലപ്പന് വൈസ് ചെയർമാൻ സ്ഥാനം വാഗ്ദാനം നൽകിയിട്ടുണ്ട്. അതേസമയം, യു.ഡി.എഫ് വിജയത്തിന് തിളക്കമേകിയ മുസ്ലിംലീഗും വൈസ് ചെയർമാൻ പദവി അവകാശം ഉന്നയിച്ചിട്ടുണ്ട്. നാല് സീറ്റുള്ള ലീഗിനെയും യു.ഡി.എഫിന് തള്ളാനാവില്ല. ഭരണം ലഭിച്ചാൽ അധ്യക്ഷ സ്ഥാനത്തേക്ക് മുൻസ്ഥിരംസമിതി അധ്യക്ഷ ഷോളി സിദ്ധകുമാർ, മുൻനഗരസഭാധ്യക്ഷ മോളി ജേക്കബ്, മുൻ ഉപാധ്യക്ഷ സി. ജ്യോതിമോൾ എന്നിവരുടെ പേരുകളാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. തുടർഭരണം കിട്ടിയാൽ മുൻഅധ്യക്ഷരായ കെ.കെ. ജയമ്മ, സൗമ്യരാജ് എന്നിവരുടെ പേരുകളാണ് എൽ.ഡി.എഫ് പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

