ആറാട്ടുപുഴ: സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നൂറുമേനി വിജയം നേടിയ സന്തോഷം കൃഷിമന്ത്രി വിളവെടുപ്പിന് എത്തിയപ്പോൾ ഇരട്ടിയായി. പല്ലന കെ.എ.എം.യു.പി സ്കൂൾ വളപ്പിൽ കൃഷി വകുപ്പിന്‍റെ സഹായത്തോടെ പച്ചക്കറിത്തോട്ടമൊരുക്കി സ്കൂൾ അധികൃതർ വർഷങ്ങളായി നടത്തുന്ന പരിശ്രമത്തിന് അംഗീകാരം കൂടിയായി മന്ത്രിയുടെ സാന്നിധ്യം.
സ്കൂളിൽ എത്തിയ മന്ത്രി പി. പ്രസാദ് കുട്ടികളോടും അധ്യാപകരോടുമൊപ്പം തോട്ടം സന്ദർശിച്ചു. സ്കൂൾ പരിസരത്തെ പാഴായിക്കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയാണ് വർഷങ്ങളായി കൃഷി ചെയ്യുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപയും ഓഫിസ് അസിസ്റ്റന്‍റ് സന്ദീപുമാണ് കുട്ടികൾക്ക് പിന്തുണനൽകി ഒപ്പമുള്ളത്.
തൃക്കുന്നപ്പുഴ കൃഷി ഓഫിസർ എസ്. ദേവികയും കൃഷി അസിസ്റ്റന്‍റ് രാജേഷും നൂറുമേനി വിജയത്തിന് പിന്നിലുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇവിടെ വിളയുന്ന പച്ചക്കറികൾ സ്കൂളിൽ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്ത് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ മികച്ച കാർഷിക സൗഹൃദ വിദ്യാലയം അവാർഡും കൃഷിമന്ത്രിയിൽനിന്ന് സ്കൂൾ ഏറ്റുവാങ്ങി.