ഹരിപ്പാട്: കുട്ടനാടിെൻറയും അപ്പർ കുട്ടനാടിെൻറയും ഭാഗമായ വീയപുരത്തെ പാടശേഖരങ്ങളിൽ പുഞ്ചകൃഷിക്ക് ഒരുക്കം തുടങ്ങി. നവംബർ അവസാനത്തോടെ വിതയിറക്കാമെന്ന പ്രതീക്ഷയിലാണ് പണി ആരംഭിച്ചത്. വീയപുരം കൃഷിഭവൻ പരിധിയിലെ മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ കൃഷിയിറക്കിന് മുന്നോടിയായ ഒരുക്കം അവസാനഘട്ടത്തിലാണ്. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതു മറിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. വരമ്പുകുത്ത്, നിലത്തിലെ ചപ്പുചവർ മാലിന്യങ്ങൾ നീക്കൽ, പമ്പിങ് നടത്തി വെള്ളം വറ്റിക്കൽ ഉൾെപ്പടെയുള്ള ജോലികൾ നേരേത്തതന്നെ പൂർത്തിയാക്കിയിരുന്നു.
365 ഏക്കർ വിസ്തൃതിയുള്ള പാടശേഖരമാണ് മുണ്ടുതോട് പോളത്തുരുത്ത്. സാധാരണഗതിയിൽ തുലാം പകുതിയോടെയാണ് പാടത്ത് വിതയിറക്ക് നടന്നിരുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റവും വെള്ളപ്പൊക്കവും മൂലം കഴിഞ്ഞ രണ്ട് പുഞ്ചകൃഷി സീസണിലായി താമസിച്ചാണ് വിതയിറക്കുന്നത്. വിത്തുവിതരണവും ആരംഭിച്ചു. നവംബർ പകുതിയോടെ വിതയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാടശേഖര സമിതിയും കർഷകരും.